സ്പിന്നർമാരെ കാണുമ്പോൾ ഇന്ത്യൻ മുൻനിരയ്ക്ക് മുട്ടിടിക്കുന്നു. ആത്മവിശ്വസം എവിടെയെന്ന് മുൻ താരം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സ്പിന്നർമാർക്കെതിരെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ താരങ്ങളെ പറ്റിയാണ് സഞ്ജയ് മഞ്ജരേക്കർ സംസാരിക്കുന്നത്.

ഇന്ത്യയുടെ മുൻനിരയിലുള്ള പ്രധാന ബാറ്റർമാർ സ്പിന്നിനെതിരെ ആത്മവിശ്വാസം പുലർത്തിരുന്നുവെങ്കിൽ പൂനെ ടെസ്റ്റ് മത്സരത്തിൽ വിജയത്തിനടുത്തെത്താൻ ടീമിന് സാധിച്ചേനെ എന്നാണ് മഞ്ജരേക്കർ പറഞ്ഞത്. ശുഭ്മാൻ ഗില്ലടക്കമുള്ള ഇന്ത്യൻ ബാറ്റർമാർക്ക് സ്പിന്നിനെതിരെ മികവ് പുലർത്താൻ സാധിക്കുന്നില്ല എന്ന് മഞ്ജരേക്കർ എടുത്തു പറയുകയുണ്ടായി.

“ജയസ്വാളും ഗില്ലും ക്രീസിൽ തുടർന്ന സമയത്ത് ഞാൻ ഒരു അത്ഭുതകരമായ ചെയ്സ് തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഗില്ലിന് സ്പിന്നർമാർക്കെതിരെ കൃത്യമായ ആത്മവിശ്വാസം പുലർത്താനോ മികവു പുറത്തെടുക്കാനോ സാധിച്ചിരുന്നില്ല. സ്പിന്നിനെതിരെ കളിക്കുന്ന സമയത്ത് ഗില്‍ എല്ലായിപ്പോഴും വലിയ സമ്മർദ്ദത്തിലാണ് കാണപ്പെടാറുള്ളത്. ഇതുപോലെയുള്ള ടേണിങ് പിച്ചുകളിൽ കളിക്കുമ്പോൾ ഇത്തരത്തിൽ ബാറ്റർമാർക്ക് സമ്മർദ്ദം ഉണ്ടാവുന്നത് ടീമിനെ പിന്നോട്ടടിക്കും. ഫുട്ട്വർക്കിൽ അടക്കം മുൻനിര ബാറ്റർമാർ മികവ് പുലർത്തേണ്ടതുണ്ട്.”- മഞ്ജരേക്കർ പറയുന്നു.

“മത്സരത്തിൽ വിരാട് വീണ്ടും ലെങ്ത് നിർണയിക്കാൻ സാധിക്കാതെയാണ് പുറത്തായത്. കോഹ്ലി കരുതിയതിലും ഫുള്ളറായാണ് ആ പന്ത് എത്തിയത്. ശേഷം പന്ത് കൃത്യമായി ടേണ്‍ ചെയ്യുകയും ചെയ്തു. രോഹിത് ശർമയും ക്രീസിൽ വേണ്ടരീതിയിൽ ആത്മവിശ്വാസം പുലർത്തിയിരുന്നില്ല. ഇന്ത്യൻ ടീമിലെ മുൻനിരയിലുള്ള 4 ബാറ്റർമാരിൽ 3 പേരും ആത്മവിശ്വാസം കൈവിടുകയാണ് ഉണ്ടായത്. ഇത്തരം പിച്ചുകളിൽ ആദ്യ സെഷൻ സമയത്ത് സ്പിന്നിനെതിരെ ബാറ്റ് ചെയ്യുക എന്നത് പ്രയാസകരമായിരിക്കും. ഇന്ത്യ തങ്ങളുടെ പ്രതിരോധത്തെ കുറച്ചുകൂടി പിന്തുണച്ചിരുന്നുവെങ്കിൽ, കാര്യങ്ങൾ കുറച്ചുകൂടി അനായാസമായേനെ എന്നാണ് ഞാൻ കരുതുന്നത്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

“തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യക്ക് മത്സരത്തിൽ തിരിച്ചടിയായത്. നേരത്തെ തന്നെ ഇന്ത്യക്ക് കുറച്ചധികം വിക്കറ്റുകൾ നഷ്ടമായി. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ന്യൂസിലാന്റിന്റെ വിജയലക്ഷ്യത്തിന് അടുത്തെത്താൻ ഇന്ത്യക്ക് കഴിയുമായിരുന്നു. പന്ത്, വാഷിംഗ്ടൺ സുന്ദർ, ജഡേജ എന്നിവരൊക്കെയും ഡഗൗട്ടിൽ ഉള്ളപ്പോൾ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനായാസമായേനെ.”- മഞ്ജരേക്കർ പറഞ്ഞുവെക്കുന്നു.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയം ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബാധിച്ചിട്ടുണ്ട്. അടുത്ത 6 മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയം സ്വന്തമാക്കിയാലേ ഇന്ത്യക്ക് ഫൈനലിൽ എത്താൻ സാധിക്കൂ.

Previous articleഅവന്റെ നഷ്ടം ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിൽ തിരിച്ചടി ഉണ്ടാക്കും. BGT ട്രോഫിയിലെ വെല്ലുവിളിയെ പറ്റി ഓസീസ് കോച്ച്.
Next articleഓപ്പണറായി സഞ്ജു, മുൻ നിരയിൽ സൂര്യയും തിലകും. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ.