രോഹിത് കൂടി അറിഞ്ഞുള്ള തീരുമാനമാണത് :തുറന്ന് പറഞ്ഞ് ബാറ്റിങ് കോച്ച്

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെ നോക്കുന്നത് ഇന്ത്യൻ ടീമിന്റെ ടി :20 ലോകകപ്പിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾക്കായിട്ടാണ്. സെമി ഫൈനൽ മോഹം സഫലമാക്കുവാൻ ഇനിയുള്ള മത്സരങ്ങളിൽ വമ്പൻ ജയവും മറ്റുള്ള ടീമുകൾ പ്രകടനവും വളരെ ഏറെ ആശ്രയിക്കേണ്ടതായി വരുന്ന വിരാട് കോഹ്ലിക്കും ടീമിനും അഫ്‌ഘാനെതിരെ ഇന്ന് നടക്കുന്ന മത്സരവും ജീവൻമരണ പോരാട്ടമാണ്. കൂടാതെ നായകൻ വിരാട് കോഹ്ലിക്കും ഇനി മറ്റൊരു തോൽവിയെ കുറിച്ച് ചിന്തിക്കാനാവില്ല. പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളോടെല്ലാം വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനും മാനേജ്മെന്റിനും എതിരെ അതിരൂക്ഷ വിമർശനമാണ് മുൻ താരങ്ങൾ അടക്കം ഇതിനകം ഉന്നയിച്ചിരിക്കുന്നത്. പ്ലെയിങ് ഇലവൻ സെലക്ഷനിലും ഒപ്പം ചില താരങ്ങൾ റോൾ സെലക്ഷനിലും ടീമിന് തെറ്റുന്നുണ്ടെന്നാണ് പലരുടെയും തന്നെ അഭിപ്രായം.

എന്നാൽ ഇത്തരം ആക്ഷേപങ്ങൾ എല്ലാം തന്നെ തള്ളുകയാണ് ഇന്ത്യൻ ടീം ബാറ്റിങ് കോച്ച് വിക്രം റാത്തോർ.നേരത്തെ നടന്ന കിവീസിനെതിരായ മത്സരത്തിൽ ഇഷാൻ കിഷൻ ഓപ്പണിങ് റോളിൽ എത്തിയത് ടീം ഒന്നിച്ചെടുത്തതായ ഒരു തീരുമാനത്തിന്റെ ഭാഗം തന്നെയാണ് എന്നും ബാറ്റിങ് കോച്ച് വ്യക്തമാക്കി. “രോഹിത് ശർമ്മ മൂന്നാമത് ബാറ്റ് ചെയ്യാൻ എത്തിയതും ഇഷാൻ കിഷൻ ഓപ്പണിങ് റോളിൽ വന്നതും എല്ലാം ടീം മാനേജ്മെന്റ് കൂട്ടായി തന്നെ ആലോചിച്ചെടുത്ത തീരുമാനമാണ്. സൂര്യകുമാർ പുറംവേദനയെ തുടർന്ന് കളിക്കുന്നില്ല എന്ന് അറിയിച്ചപ്പോഴാണ് ഇഷാൻ പ്ലേയിംഗ്‌ ഇലവനിൽ എത്തിയത്. ഇഷാൻ കിഷൻ ഓപ്പണറായി കൂടി ബാറ്റ് ചെയ്യട്ടെ എന്നത് ടീം രോഹിത്തിനും ഒപ്പം ആലോചിച്ചാണ് തീരുമാനിച്ചത്. രോഹിത് ഈ ചർച്ചകളുടെ എല്ലാം ഭാഗമാണ് “വിക്രം റാത്തോർ വെളിപ്പെടുത്തി

അതേസമയം ഗ്രൂപ്പിൽ വരാനിരിക്കുന്ന മത്സരങ്ങൾ വൻ മാർജിനിൽ ജയിക്കുക എന്നുള്ള സാഹചര്യത്തെ കുറിച്ചും വിക്രം റാത്തോർ മനസ്സുതുറന്നു. “ഇന്ത്യൻ ടീം ഇനിയുള്ള മത്സരങ്ങൾ ജയിക്കുക എന്ന ഒരൊറ്റ ചിന്തയിൽ മാത്രമാണുള്ളത്. കൂടാതെ ജയം മാത്രമാണ് പ്രധാനം. നെറ്റ് റൺ റേറ്റ് അടക്കമുള്ളവയെ കുറിച്ച് ചിന്തിക്കുന്നില്ല. ഇന്ത്യൻ ടീമിൽ എല്ലാ കളികളും ജയിപ്പിക്കാൻ കഴിവുള്ള അനേകം താരങ്ങളുണ്ട്.പക്ഷെ നമുക്ക് ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എന്ത്‌ പ്ലാനാണോ നമ്മൾ തയ്യാറാക്കിയത് അത് ആസൂത്രണം ചെയ്യുവാനായില്ല “ബാറ്റിങ് കോച്ച് തുറന്ന് സമ്മതിച്ചു

Previous articleറെക്കോഡുകള്‍ ഭേദിച്ച് പാക്ക് ജോഡിയുടെ ജൈത്ര യാത്ര.ഇന്ത്യന്‍ റെക്കോഡും തകര്‍ന്നു.
Next articleഐപിൽ എന്ന ഒരു ചിന്ത മാത്രമാണ് അവർക്ക് : രൂക്ഷ വിമർശനവുമായി വസീം ആക്രം