റെക്കോഡുകള്‍ ഭേദിച്ച് പാക്ക് ജോഡിയുടെ ജൈത്ര യാത്ര.ഇന്ത്യന്‍ റെക്കോഡും തകര്‍ന്നു.

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബയക്കെതിരെ 46 റണ്‍സിനു വിജയിച്ചു പാക്കിസ്ഥാന്‍ സെമിഫൈനലില്‍ കടന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 144 റണ്‍സ് എടുക്കാനാണ് സാധിച്ചത്. ഓപ്പണര്‍മാരായ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിംഗാണ് പാക്കിസ്ഥാനു വിജയമൊരുക്കിയത്.

മുഹമ്മദ് റിസ്വാന്‍ 50 പന്തില്‍ 79 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ അസം 49 പന്തില്‍ 70 റണ്‍സ് അടിച്ചു. പാക്ക് ബാറ്റിംഗിന്‍റെ നെടുംതൂണുകളായ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 113 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ടി20 ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണ്. 4 സെഞ്ചുറി കൂട്ടുകെട്ടുള്ള ധവാന്‍ – രോഹിത്, ഗുപ്റ്റില്‍ – വില്യംസണ്‍ റെക്കോഡും ഈ പാക്ക് ജോഡികള്‍ പൊളിച്ചു. ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടെല്ലാം ഈ വര്‍ഷം പിറന്നതാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഈ ടി20 ലോകകപ്പില്‍ ഇരുവരും മികച്ച ബാറ്റിംഗാണ് പുറത്തെടുക്കുന്നത്. ടൂര്‍ണമെന്‍റിലെ മത്സരങ്ങളില്‍ നിന്നായി യഥാക്രമം 199, 198 റണ്‍സാണ് റിസ്വാന്‍, ബാബര്‍ അസം നേടിയിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍ എന്ന ക്രിസ് ഗെയ്ലിന്‍റെ (1665) റെക്കോഡ് തകര്‍ക്കാന്‍ മുഹമ്മദ് റിസ്വാന് ഇനി വേണ്ടത് 5 റണ്‍ മാത്രം.

4 മത്സരങ്ങളില്‍ 4 ഉം വിജയിച്ച പാക്കിസ്ഥാന്‍ രണ്ടാം ഗ്രൂപ്പില്‍ ഒന്നാമതാണ്. സ്കോട്ടലെന്‍റിനെതിരെയാണ് അവസാന മത്സരം.