ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു ചരിത്ര നിമിഷമായിരുന്നു 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പ് വിജയം. ഒരു പ്രതീക്ഷയും ഇല്ലാതെ യുവതാരങ്ങളെ അണിനിരത്തിയായിരുന്നു 2007 ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഇറങ്ങിത്തിരിച്ചത്. എന്നാൽ വമ്പൻമാരെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ഫൈനൽ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 13 റൺസ് ആയിരുന്നു പാകിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിൽ ഉണ്ടായിരുന്ന മിസ്ബാ ഉൾ ഹക്ക് സിക്സർ സ്വന്തമാക്കിയെങ്കിലും, പിന്നീട് റിവേഴ്സ് സ്കൂപ്പിന് ശ്രമിക്കുകയും മലയാളി താരം ശ്രീശാന്ത് ക്യാച്ചെടുത്ത് മിസ്ബായെ പുറത്താക്കുകയും ആയിരുന്നു. ആ മത്സരത്തിൽ തങ്ങൾ പരാജയപ്പെടാൻ കാരണമായത് അമിതമായ ആത്മവിശ്വാസമാണ് എന്ന് മിസ്ബ തുറന്നു പറഞ്ഞിരിക്കുകയാണ്.
2007 സെപ്റ്റംബർ 24ന് ആയിരുന്നു ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടന്നത്. വാണ്ടറെഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റൺസ് ആയിരുന്നു സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗൗതം ഗംഭീർ 54 പന്തുകളിൽ 75 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ 16 പന്തുകളിൽ 30 റൺസ് നേടി മികച്ച ഫിനിഷിങ്ങും നൽകി.
ശേഷം മികച്ച തുടക്കമായിരുന്നു പാക്കിസ്ഥാന് ലഭിച്ചത്. വാണ്ടറേഴ്സിലെ ചെറിയ ബൗണ്ടറികൾ അങ്ങേയറ്റം മികച്ച രീതിയിൽ മുതലെടുക്കാൻ പാകിസ്താന്റെ മുൻനിര ബാറ്റർമാർക്ക് സാധിച്ചിരുന്നു. പക്ഷേ പിന്നീട് ശക്തമായ തിരിച്ചുവരവ് ഇന്ത്യ നടത്തുകയുണ്ടായി. ഇതേ സംബന്ധിച്ചാണ് മിസ്ബാ സംസാരിച്ചത്.
“വാണ്ടറേഴ്സിലെ പിച്ചിന്റെ സ്വഭാവവും ബൗണ്ടറികളുടെ നീളക്കുറവും ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയിരുന്നു. ഇന്ത്യൻ ടീം എല്ലായിപ്പോഴും സ്പിൻ ബോളിങ്ങിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അങ്ങനെയുള്ള ടീമുകൾക്ക് ഇവിടെ റൺസ് പ്രതിരോധിക്കുക എന്നത് അല്പം ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല ഇവിടെ സ്പിന്നർമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.”
”അക്കാലത്ത് ഇന്ത്യയുടെ പ്രധാന സ്പിൻ ബോളർ ഹർഭജൻ സിംഗ് ആയിരുന്നു. പക്ഷേ ബൗണ്ടറികളുടെ നീളം കുറവായിരുന്നതിനാൽ ഒരു ഓഫ് സ്പിന്നർക്ക് പന്തറിയുക എന്നത് പ്രയാസകരമായിരുന്നു. മാത്രമല്ല ഞങ്ങളുടെ ടീമിൽ സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഒരുപാട് മികച്ച ബാറ്റർമാരും ഉണ്ടായിരുന്നു.”- മിസ്ബ പറഞ്ഞു.
“അത്ര ബുദ്ധിമുട്ടുള്ള വിജയലക്ഷ്യം ആയിരുന്നില്ല ഇന്ത്യ കെട്ടിപ്പടുത്തത്. അങ്ങനെ തന്നെയാണ് ഞങ്ങൾ കരുതിയതും. മാത്രമല്ല ഞങ്ങൾക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. പക്ഷേ മത്സരത്തിൽ 2-3 ഓവറുകൾക്കിടയിൽ പെട്ടെന്ന് ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടമായി. ഇമ്രാൻ നസീറിന്റെ റൺഔട്ട് ആയിരുന്നു മത്സരത്തിൽ ഏറ്റവും വലിയ ക്ഷീണം ഉണ്ടാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 77 റൺസ് സ്വന്തമാക്കുന്നതിനിടെ ഞങ്ങൾക്ക് 6 വിക്കറ്റുകൾ നഷ്ടമായി. ഇത്തരത്തിൽ വിക്കറ്റുകൾ നഷ്ടമായതാണ് ഞങ്ങളെ ബാധിച്ചത്. അമിതമായ ആത്മവിശ്വാസമാണ് ഞങ്ങളെ പരാജയത്തിൽ എത്തിച്ചത്.”- മിസ്ബാ കൂട്ടിച്ചേർക്കുന്നു.