ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത് യുവ താരങ്ങളായ റിങ്കു സിംഗിന്റെയും നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവാണ്.
മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇരുവരും ബംഗ്ലാദേശ് ബാറ്റർമാരെ തലങ്ങും വിലങ്ങും പായിക്കുകയുണ്ടായി. മത്സരത്തിൽ ഇരുവരും അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കിയപ്പോൾ, ഇന്ത്യ ഒരു കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിലെ തന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് ഇപ്പോൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് നൽകി രംഗത്തെത്തിയിരിക്കുകയാണ് റിങ്കു സിംഗ്.
തുടക്കത്തിൽ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം ഒരു മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാൻ തനിക്ക് സഹായകരമായി മാറിയത് മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശങ്ങളാണ് എന്ന റിങ്കു സിംഗ് പറയുകയുണ്ടായി. മത്സരത്തിൽ 41 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യക്ക് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീടാണ് 108 റൺസിന്റെ കൂട്ടുകെട്ട് നിതീഷ് റെഡ്ഡിയും റിങ്കു സിങും ചേർന്ന് കെട്ടിപ്പടുത്തത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ ഏതുതരത്തിൽ മനോഭാവം പുലർത്തണമെന്ന് പലപ്പോഴായി ധോണി തനിക്ക് പറഞ്ഞു തന്നിട്ടുണ്ട് എന്ന് റിങ്കൂ സിംഗ് ചൂണ്ടിക്കാട്ടുന്നു.
“ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും ശാന്തതയോടെ പെരുമാറുക എന്നാണ് ഞാൻ എന്നോട് തന്നെ പറയാറുള്ളത്. കുറച്ചധികം കാലമായി ഞാൻ ഈ പൊസിഷനിലാണ് കളിക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായി അത്തരം ഒരു ശാന്തത എനിക്ക് ഉണ്ടാവാറുണ്ട്. അതിനനുസരിച്ചാണ് ഞാൻ പരിശീലനങ്ങൾ തുടരുന്നതും. ഇക്കാര്യത്തെ സംബന്ധിച്ച് ഞാൻ ഒരുപാട് തവണ മഹേന്ദ്ര സിംഗ് ധോണിയോട് സംസാരിച്ചിട്ടുണ്ട്. അത് എന്നെ ഒരുപാട് സഹായിക്കുകയും ചെയ്തു. തുടക്കത്തിൽ 3-4 വിക്കറ്റുകൾ നഷ്ടമാകുമ്പോൾ നമുക്കാവശ്യം ആത്മവിശ്വാസമാണ് എന്ന് ധോണി പറഞ്ഞിട്ടുണ്ട്.”- റിങ്കു വിശദീകരിക്കുന്നു.
“തുടക്കത്തിൽ എനിക്കും നിതീഷിനും ആവശ്യം ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു. വിക്കറ്റ് മത്സരത്തിന്റെ ആദ്യ സമയത്ത് കുറച്ച് സ്ലോ ആയിരുന്നു. അതുകൊണ്ടു തന്നെ സ്ട്രൈക് റൊട്ടേറ്റ് ചെയ്യുകയും മോശം പന്തുകൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. എന്നാൽ മത്സരത്തിൽ മഹ്മൂദുള്ള ഒരു നോബോൾ എറിഞ്ഞതോടെ ഞങ്ങൾക്ക് കാര്യങ്ങൾ അനുകൂലമായി മാറി. മികച്ച ഒരു മൊമെന്റം ലഭിച്ചു. മാത്രമല്ല നിതീഷ് കൂടുതൽ ആത്മവിശ്വാസത്തിൽ എത്തുകയും ചെയ്തു.”- റിങ്കു കൂട്ടിച്ചേർക്കുന്നു.