2024 ട്വന്റി20 ലോകകപ്പിന്റെ നാലാം മത്സരത്തിൽ ശ്രീലങ്കയെ അനായാസം പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഒരു ലോ സ്കോറിംഗ് മത്സരമാണ് നടന്നത്. പൂർണ്ണമായും ദക്ഷിണാഫ്രിക്കൻ ബോളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ആൻറിച്ച് നോർക്യയാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്യാമ്പയിന് ഉഗ്രൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ദുരന്ത ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയുടെ ബാറ്റർമാർ കാഴ്ചവച്ചത്. തുടക്കത്തിൽ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണർ നിസ്സംഗയുടെ(3) വിക്കറ്റ് നഷ്ടമായി. ശേഷം കുശാൽ മെൻഡിസും( 19) കമിണ്ടുവും(11) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നായകൻ ഹസരംഗയും സമരവിക്രമയും മധ്യ ഓവറുകളിൽ പൂജ്യരായി പുറത്തായതോടെ ശ്രീലങ്ക പൂർണമായും പതറി. പിന്നീട് മാത്യുസാണ് ശ്രീലങ്കയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നൽകിയത്. പക്ഷേ കൃത്യമായ ബോളിംഗ് പ്രകടനത്തിലൂടെ മാത്യൂസിനെയും പുറത്താക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇതോടെ ശ്രീലങ്ക മത്സരത്തിൽ തകരുകയായിരുന്നു.
മത്സരത്തിൽ കേവലം 77 റൺസ് മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാൻ സാധിച്ചത്. മറുവശത്ത് ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ തട്ടുപൊളിപ്പൻ പ്രകടനം കാണാൻ സാധിച്ചു. പേസർ ആൻറിച്ച് നോർക്യയാണ് ദക്ഷിണാഫ്രിക്കക്കായി തകർപ്പൻ ബോളിങ് പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ നാലോവറുകളിൽ 7 റൺസ് മാത്രം വിട്ടു നൽകിയ നോർക്യ 4 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വളരെ കരുതലോടെയാണ് മുന്നേറിയത്. ഹെൻറിക്സിന്റെ(4) വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതോടുകൂടി ദക്ഷിണാഫ്രിക്ക തങ്ങളുടെ സ്കോറിങ് വേഗത മെല്ലെയാക്കി.
പിന്നീട് മധ്യഓവറുകളിൽ ശ്രീലങ്കയ്ക്ക് വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നു. പക്ഷേ വളരെ ചെറിയ വിജയലക്ഷ്യമായിരുന്നതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് ദക്ഷിണാഫ്രിക്ക മുൻപോട്ട് പോയത്. പിച്ചിന്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ബാറ്റർമാർ തങ്ങളുടെ വിക്കറ്റ് കാക്കുന്നതിൽ പ്രധാന ശ്രദ്ധ ചെലുത്തി. ഇതോടെ മത്സരത്തിൽ പതിയെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.