2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് ട്വന്റി20 മത്സരങ്ങൾ നടക്കുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പ് അടക്കമുള്ള ടൂർണ്ണമെന്റ്കൾ 2024ന്റെ ഭംഗിയായിരുന്നു. അതുകൊണ്ടു തന്നെ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി20 ഇലവനിൽ ഉൾപ്പെടുന്ന താരങ്ങളെ പരിശോധിക്കാം.
2024ലെ ട്വന്റി20 ലോക ഇലവനിൽ ഇന്ത്യയുടെ മുൻ ട്വന്റി20 നായകനായ രോഹിത് ശർമയെ ഉൾപ്പെടുത്താൻ സാധിക്കും. 2024 ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 257 റൺസ് സ്വന്തമാക്കാൻ രോഹിthin സാധിച്ചിരുന്നു. ഈ ലൈനപ്പിൽ വരുന്ന രണ്ടാമത്തെ താരം ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റർ ട്രാവസ് ഹെഡാണ്. 2024ൽ ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് 539 റൺസാണ് ഈ ഓസ്ട്രേലിയൻ ഓപ്പണർ കണ്ടെത്തിയത്. 2024 ലോകകപ്പിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺസ്കോറർ കൂടിയായിരുന്നു ഹെഡ്.
ലോകകപ്പിലെ മൂന്നാം നമ്പർ ബാറ്റർ സഞ്ജു സാംസണാണ്. ട്വന്റി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമായി സഞ്ജു 2024ൽ മാറിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 436 റൺസാണ് സഞ്ജു നേടിയത്. ഇലവനിലെ നാലാമത്തെ താരം വിൻഡീസ് ക്രിക്കറ്റർ നിക്കോളാസ് പൂരനാണ്. അഞ്ചാമത്തെ താരം ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരൻ ഗ്ലെൻ മാക്സ്വെല്ലാണ്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് 389 റൺസ് മാക്സ്വൽ സ്വന്തമാക്കിയിരുന്നു. ലിസ്റ്റിലെ ആറാമത്തെ താരം ഹർദിക് പാണ്ട്യയാണ്. 2024 ലോകകപ്പിൽ 144 റൺസും 11 വിക്കറ്റുകളും പാണ്ട്യ നേടിയിരുന്നു.
ലോക ഇലവനിലെ ഏഴാമത്തെ താരം റാഷിദ് ഖാനാണ് 2024ൽ 14 മത്സരങ്ങളിൽ നിന്നും 31 വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാമ്പയും ഈ ഇലവനിൽ ഉൾപ്പെടുന്നു. 21 മത്സരങ്ങളിൽ നിന്നും 35 വിക്കറ്റുകളാണ് സാമ്പ ഈ വർഷം നേടിയത്. ഇന്ത്യൻ താരങ്ങളായ അർഷദീപ് സിങ്ങും ജസ്പ്രീത് ബുമ്രയും ഇത്തവണത്തെ ലോക ഇലവനിൽ ഉൾപ്പെടുന്ന താരങ്ങളാണ്. ഇരുവരും ലോകകപ്പിലടക്കം മികവ് പുലർത്തിയിരുന്നു. അഫ്ഗാനിസ്ഥാന്റെ പേസറായ ഫസൽ ഫറൂക്കിയാണ് ഈ ഇലവനിലെ പതിനൊന്നാമൻ. ലോകകപ്പിൽ 8 ഇന്നിംഗ്സുകളിൽ നിന്ന് 17 വിക്കറ്റുകൾ താരം സ്വന്തമാക്കിയിരുന്നു. 2024ൽ 17 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.