2024 അണ്ടർ 19 ഏഷ്യകപ്പിന്റെ സെമിഫൈനലിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച് 13കാരനായ വൈഭവ് സൂര്യവംശി. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ പ്രകടനമാണ് അണ്ടർ 19 ലോകകപ്പിൽ സൂര്യവംശി കാഴ്ചവെച്ചിട്ടുള്ളത്.
ശ്രീലങ്കയ്ക്കെതിരെ ഷാർജയിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ 36 പന്തുകളിൽ 67 റൺസ് നേടിയാണ് സൂര്യവംശി ഇന്ത്യയുടെ വിജയശിൽപിയായി മാറിയത്. ഇതോടെ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 170 പന്തുകൾ ബാക്കിനിൽക്കവെയായിരുന്നു ഇന്ത്യയുടെ ഈ കൂറ്റൻ വിജയം.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ശ്രീലങ്കയുടെ അണ്ടർ 19 ടീമിനെ വിറപ്പിക്കാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചു. ശക്തമായ ബോളിംഗ് പ്രകടനമാണ് മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ കാഴ്ചവെച്ചത്. ശ്രീലങ്കൻ നിരയിൽ മൂന്നാമനായി ക്രീസിലെത്തിയ ഷണ്മുഖനാഥനാണ് ഇന്ത്യക്കെതിരെ അല്പമെങ്കിലും പിടിച്ചുനിന്നത്.
78 പന്തുകളിൽ 42 റൺസാണ് ഷണ്മുഖനാഥൻ സ്വന്തമാക്കിയത്. ശേഷം മധ്യനിരയിൽ അബിസിംഗെ ശ്രീലങ്കയ്ക്കായി ക്രീസിൽ ഉറയ്ക്കുകയുണ്ടായി. മറ്റു ബാറ്റർമാർ ഇന്ത്യൻ ബോളിങ്ങിന് മുൻപിൽ പരാജയപ്പെട്ടപ്പോൾ അബിസിംഗെ ശ്രീലങ്കൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
110 പന്തുകളിൽ 69 റൺസ് നേടിയ അബിസിംഗെ ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കാൻ ശ്രമിച്ചു. മത്സരത്തിൽ 173 റൺസാണ് ശ്രീലങ്കയ്ക്ക് നേടാൻ സാധിച്ചത്. മറുവശത്ത് ഇന്ത്യക്കായി ബോളിങ്ങിൽ മികവ് പുലർത്തിയത് 3 വിക്കറ്റ് സ്വന്തമാക്കിയ ചേതൻ ശർമയാണ്. മറ്റു ബോളർമാരും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യയുടെ വിജയലക്ഷം 174 റൺസായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് ഒരു മികച്ച തുടക്കമാണ് ഓപ്പണർമാരായ മാത്രെയും സൂര്യവംശി നൽകിയത്. ആദ്യ വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർക്കാൻ ഇരു താരങ്ങൾക്കും സാധിച്ചു.
ആദ്യ ബോൾ മുതൽ ആക്രമണ മനോഭാവമാണ് സൂര്യവംശി പുറത്തെടുത്തത്. തനിക്ക് ലഭിച്ച മോശം ബോളുകളെ അങ്ങേയറ്റം ആക്രമണപരമായ രീതിയിൽ അടിച്ചകറ്റാൻ ഈ യുവതാരത്തിന് സാധിച്ചു. 36 പന്തുകളിൽ 67 റൺസാണ് സൂര്യവംശി സ്വന്തമാക്കിയത്. 6 ബൗണ്ടറികളും 5 സിക്സറുകളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ ഇന്ത്യ ഒരു അതിവേഗ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിന്റെ 22ആം ഓവറിൽ തന്നെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഡിസംബർ എട്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അണ്ടർ 19 ഏഷ്യകപ്പ് ഫൈനൽ മത്സരം നടക്കുന്നത്.