2024 ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായകൻ രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റുകയും, പകരം ഹർദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ടീമിനായി വർഷങ്ങളോളം കഠിനപ്രയത്നം ചെയ്ത നായകനാണ് രോഹിത് ശർമ.
എന്നാൽ ഹർദിക് പാണ്ഡ്യ തിരികെ ടീമിലേക്ക് എത്തിയതോടെ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് മറക്കുന്നു എന്ന രീതിയിലാണ് ആരാധകർ പ്രതികരിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യൻസിന്റെ ഈ തീരുമാനത്തിനെതിരെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മുംബൈയുടെ തന്നെ താരമായ സൂര്യകുമാർ യാദവാണ്.
രോഹിത് ശർമ്മയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ നായകനായി മുംബൈ തീരുമാനിച്ചത് ഹൃദയഭേദകമായിരുന്നു എന്ന് സൂര്യകുമാർ യാദവ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. ഹൃദയഭേദകം എന്ന് കാട്ടുന്ന ഇമോജി സ്റ്റോറിയായി ഇട്ടു കൊണ്ടാണ് സൂര്യകുമാർ യാദവ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടത്. ടീമിന്റെ ഈ തീരുമാനത്തോടുള്ള പ്രതികരണമാണ് സൂര്യകുമാർ യാദവ് അറിയിച്ചത് എന്ന് ആരാധകർ പോലും പറയുകയുണ്ടായി. മറ്റൊരു മുംബൈ ഇന്ത്യൻസ് താരമായ ജസ്‌പ്രീറ്റ് ബൂമ്രയും രോഹിത്തിനെ നായക സ്ഥാനത്തു നിന്നും മാറ്റിയതിൽ തന്റെ അതൃപ്തി അറിയിക്കുകയുണ്ടായി.
“നിശബ്ദതയാണ് ചില സമയങ്ങളിൽ മികച്ച ഉത്തരം” എന്ന രീതിയിലായിരുന്നു ബൂമ്ര സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചത്. എന്തായാലും രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടീമിനുള്ളിൽ തന്നെ വലിയ രീതിയിലുള്ള സംഘർഷം ഉടലെടുത്തിട്ടുണ്ട് എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. രോഹിത് ശർമ നായക സ്ഥാനത്തുനിന്ന് മാറുന്ന സമയത്ത് സൂര്യകുമാർ യാദവോ ബുമ്രയോ മുംബൈ ടീമിന്റെ നായകനാവും എന്നാണ് എല്ലാവരും കരുതിയിരുന്നത്.
പക്ഷേ ഹർദിക് പാണ്ഡ്യ മടങ്ങിയെത്തിയതോടെ നായകസ്ഥാനം പാണ്ഡ്യയ്ക്ക് നേരെ വച്ചു നീട്ടിയത് മുംബൈ ആരാധകരെ വലിയ രീതിയിൽ രോക്ഷാകുലരാക്കിയിട്ടുണ്ട്. ചില ആരാധകർ തങ്ങളുടെ മുംബൈ ജേഴ്സി കത്തിക്കുന്ന ദൃശ്യങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിനെ പിന്തുടർന്ന ഒരുപാട് ആരാധകർ തങ്ങളുടെ പിന്തുണ പിൻവലിക്കുകയുണ്ടായി. നായക സ്ഥാനം നഷ്ടമായെങ്കിലും രോഹിത് ശർമ 2024 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് തുടരും. ഈ അഭിപ്രായങ്ങൾക്കിടയിലും ടീമിന്റെ ഭാവിയെ മാത്രം മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനം എന്ന് മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മഹേള ജയവർധന തന്നെ പറയുകയുണ്ടായി. ഈ മാസം 19ന് ദുബായിൽ വച്ചാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം നടക്കുന്നത്.