20-20യില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമാണ് സൂര്യ കുമാർ യാദവ്. നിരവധി തവണ തൻ്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യൻ ആരാധകരെയും ലോക ക്രിക്കറ്റ് പ്രേക്ഷകരെയും താരം ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ വെടിക്കെട്ട് പ്രകടനം രഞ്ജി ട്രോഫിയിലും നടത്തിയിരിക്കുകയാണ് താരം. മൂന്ന് വർഷത്തിന് ശേഷമാണ് താരം റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നത്.
എന്നാൽ അതിൻ്റെ യാതൊരുവിധ അനുഭവ കുറവും കാണിക്കാതെ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ബൗളർമാർക്ക് നേരെ സൂര്യ കുമാർ യാദവ് കത്തിക്കയറുകയായിരുന്നു. എന്നാൽ അർഹിച്ച സെഞ്ച്വറിയുടെ 10 റൺസ് അകലെ താരത്തിന്റെ പോരാട്ടം അവസാനിച്ചു. ടെസ്റ്റിൽ ഇംഗ്ലണ്ട് പിന്തുടരുന്ന ബാസ്സ് ബോൾ ശൈലിയിൽ ആയിരുന്നു സൂര്യയുടെ ഇന്നത്തെ വെടിക്കെട്ട്.
മുംബൈയ്ക്ക് വേണ്ടി എലൈറ്റ് ഗ്രൂപ്പ് ബി മാച്ചിൽ ഹൈദരാബാദിനെതിരെയാണ് താരം ഇറങ്ങിയത്. മൂന്നാം നമ്പറിലാണ് താരം ക്രീസിലെത്തിയത്. 15 ബൗണ്ടറികളും ഒരു സിക്സറും അടക്കം 80 പന്തുകളില്‍ നിന്ന് 90 റൺസ് ആണ് താരം നേടിയത്. ഷഷാങ്കിന്റെ പന്തിലാണ് താരം മടങ്ങിയത്. സൂപ്പർ താരത്തിന് സെഞ്ചുറി നഷ്ടമായെങ്കിലും നായകനായ അജിങ്ക്യ രഹാനെയും യുവതാരം ജയ്സ്വാളും സെഞ്ച്വറി നേടി.
നേരത്തെ റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കാനുള്ള ആഗ്രഹം സൂര്യകുമാർ യാദവ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമിൽ താരത്തിന് അവസരം നൽകുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യം മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.