ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യയെ ലഖ്നൗ പിച്ച് വിവാദത്തിൽ തള്ളി സഹ നായകൻ സൂര്യ കുമാർ യാദവ്. താരങ്ങൾ ഏത് പിച്ചിലും കളിക്കാൻ തയ്യാറാകണം എന്നായിരുന്നു സൂര്യ കുമാർ യാദവ് പറഞ്ഞത്. കുറേറ്റർ സുരേന്ദർ കുമാറിനായിരുന്നു ബാറ്റർമാർ റൺസ് എടുക്കാൻ പാടുപെട്ടപ്പോൾ പഴികേട്ടത്. നായകൻ ഹർദിക് പാണ്ഡ്യ പിച്ചിനെതിരെ പരസ്യമായി വിമർശനം നടത്തിയപ്പോൾ ബി.സി.സി.ഐ സുരേന്ദറിനെ പുറത്താക്കി.
റാഞ്ചിയിൽ വച്ച് നടന്ന ആദ്യ മത്സരത്തിലെ വിക്കറ്റിനെതിരെയും വിമർശനം ഉണ്ടായിരുന്നു. നായകൻ ഹർദിക് പാണ്ഡ്യയുടെ നിലപാട് അല്ല പിച്ചിന്റെ കാര്യത്തിൽ സൂര്യകുമാർ യാദവിന് ഉള്ളത്. സൂര്യ കുമാർ യാദവിന്റെ വാക്കുകൾ വായിക്കാം..”കാര്യം ഏത് പിച്ചിൽ കളിക്കുന്നു എന്നതല്ല. എങ്ങനെ കളിക്കുന്നു എന്നതാണ്. കാരണം നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എങ്ങനത്തെ പിച്ച് ആണ് കളിക്കാൻ കിട്ടുക എന്നത്. അതുകൊണ്ടു തന്നെ നമ്മൾ ശ്രമിക്കേണ്ടത് ലഭിക്കുന്ന പിച്ചുകളിൽ പൊരുത്തപ്പെടാൻ ആണ്.
കഴിഞ്ഞ മത്സരം ലഖ്നൗവിൽ വച്ച് നടന്നത് വളരെ ആവേശകരമായ ഒന്നായിരുന്നു. പ്രധാനമുള്ള കാര്യം ഇരു ടീമുകൾക്കും ഏതു ഫോർമാറ്റിലും ഏത് സാഹചര്യത്തിലും കടുത്ത മത്സരം കാഴ്ചവെക്കാനായോ എന്നതാണ്. പിച്ചിനെ അതുകൊണ്ട് കാര്യമാക്കേണ്ട. നിങ്ങളെ വെല്ലുവിളിക്കുന്ന പിച്ച് ആണെങ്കിൽ അതിനെ സ്വീകരിച്ച് നേരിടാനാണ് ശ്രമിക്കേണ്ടത്.”-സൂര്യ കുമാർ യാദവ് പറഞ്ഞു. എന്നാൽ പിച്ചിനെ കുറിച്ച് നായകൻ ഹർദിക് പാണ്ഡ്യ വ്യത്യസ്തമായ അഭിപ്രായം ആണല്ലോ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അതിനും താരം മറുപടി നൽകി.
ചിരിയായിരുന്നു താരം നൽകിയ മറുപടി. മത്സരശേഷം തങ്ങൾ സംസാരിച്ചിരുന്നു എന്നും അതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൊതു നിലപാട് ഏത് പിച്ച് ഭാവിയിൽ ലഭിച്ചാലും അതിൽ കളിക്കുക എന്നതാണെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഈ മാസം 9ന് ഓസ്ട്രേലിയക്കെതിരെ തുടങ്ങുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സൂര്യ കുമാർ യാദവ്.