22 പന്തില്‍ 61. ഗുവഹത്തിയില്‍ സൂര്യകുമാര്‍ 360 ഷോ

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ കെല്‍ രാഹുലും – രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

കെല്‍ രാഹുലിന്‍റെയും (57) രോഹിത് ശര്‍മ്മയുടേയും (43) വിക്കറ്റിനു ശേഷം അടുത്ത ഊഴം സൂര്യകുമാര്‍ യാദവ് – വിരാട് കോഹ്ലി സംഖ്യത്തിന്‍റേതായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി ബാറ്റുകൊണ്ടുള്ള അഴിഞ്ഞാട്ടമാണ് സൂര്യകുമാര്‍ യാദവ് നടത്തിയത്.

18 പന്തില്‍ സിക്സടിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് ഫിഫ്റ്റി നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ റബാഡക്കും രക്ഷയുണ്ടായില്ലാ. 15ാം ഓവര്‍ എറിഞ്ഞ റബാഡക്കെതിരെ സൂര്യകുമാര്‍ യാദവ് 21 റണ്‍സാണ് അടിച്ചെടുത്തത്.

22 പന്തില്‍ 61 റണ്‍സുമായി സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നിരുന്നു. 5 വീതം ഫോറും സിക്സും നേടിയാണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്. കരിയറില്‍ 1000 ടി20 റണ്‍സ് സൂര്യ പൂര്‍ത്തിയാക്കി.