ശ്രീലങ്കകെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ മധുശങ്ക ഇഷാന്‍ കിഷനെ (1) പുറത്താക്കി. അടുത്ത ഓവര്‍ എറിയാന്‍ എത്തിയ മധുശങ്കയെ 15 റണ്‍സ് അടിച്ച് ശുഭ്മാന്‍ ഗില്‍ തുടങ്ങി. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠി (16 പന്തില്‍ 35) തുടര്‍ച്ചയായ രണ്ട് സിക്സുകള്‍ക്ക് ശേഷം കരുണരത്നയുടെ പന്തില്‍ പുറത്തായി.
പിന്നാലെ ഒന്നാം നമ്പര്‍ ടി20 താരം സൂര്യകുമാര്‍ യാദവ് എത്തി. ശുഭ്മാന്‍ ഗില്ലിനെ കാഴ്ച്ചക്കാരനാക്കി സൂര്യകുമാര്‍ യാദവ് അഴിഞ്ഞാടിയതോടെ റണ്‍സുകള്‍ യഥേഷ്ടം പിറന്നു. കരുണരത്നയെ സിക്സും ഫോറുമടിച്ച സൂര്യ മധുശങ്കയേയും തീക്ഷണയേയും ഗ്യാലറിയില്‍ എത്തിച്ചു. 26 പന്തിലാണ് സൂര്യ ഫിഫ്റ്റി തികച്ചത്.
15ാം ഓവറില്‍ ഗില്‍ പുറത്താകുമ്പോള്‍ (46) മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹര്‍ദ്ദിക് പാണ്ട്യ (4) ദീപക്ക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അതൊന്നും സൂര്യക്ക് പ്രശ്നമായിരുന്നില്ലാ. ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും റണ്‍സുകള്‍ ഒഴുകി.
19ാം ഓവറില്‍ തന്‍റെ മൂന്നാം സെഞ്ചുറി 45 പന്തില്‍ സൂര്യ നേടി. അവസാനം വരെ നിന്ന സൂര്യ 51 പന്തില്‍ 7 ഫോറും 9 സിക്സുമായി 112 റണ്‍സാണ് നേടിയത്.
അക്സര്‍ പട്ടേല്‍ 9 പന്തില്‍ 20 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്.