2024 ട്വന്റി20 ലോകകപ്പിലെ വിജയത്തിന് ശേഷം രോഹിത് ശർമ തന്റെ ട്വന്റി20 നായകസ്ഥാനം രാജിവെക്കുകയുണ്ടായി. പിന്നാലെ ഇന്ത്യ സൂര്യകുമാർ യാദവിനെ പുതിയ നായകനായി പ്രഖ്യാപിക്കുകയുണ്ടായി. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ പുതിയൊരു ടീം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഇന്ത്യ സൂര്യകുമാറിനെ നായകനായി നിശ്ചയിച്ചത്.
എന്നാൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ നായകനാവാനുള്ള മറ്റൊരു കാരണം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകനായ ആർ ശ്രീധർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് സൂര്യയെ ഗംഭീർ നായകനാക്കാനുള്ള കാരണം എന്നാണ് ശ്രീധർ പറയുന്നത്.
ഗംഭീർ കൊൽക്കത്തയുടെ ക്യാപ്റ്റൻ ആയിരുന്ന സമയത്ത് സൂര്യകുമാർ യാദവ് കൊൽക്കത്തയ്ക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു എന്ന് ശ്രീധർ പറയുന്നു. മുംബൈ ടീമിലേക്ക് പോകുന്ന സമയത്തും സൂര്യകുമാർ യാദവ് തന്റെ നേതൃത്വ പാടവം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു എന്നാണ് ശ്രീധർ കരുതുന്നത്. ഇത് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി എന്ന് ശ്രീധർ പറയുകയുണ്ടായി.
“അന്ന് ഗംഭീർ കൊൽക്കത്തയുടെ നായകനായിരുന്ന സമയത്ത് സൂര്യകുമാർ യാദവായിരുന്നു ഉപനായകൻ. പിന്നീട് മുംബൈ ഇന്ത്യൻസിലേക്ക് പോയ സമയത്തും സൂര്യകുമാർ യാദവ് മികവ് പുലർത്തുകയുണ്ടായി. ഇന്ത്യൻ ടീമിനൊപ്പം കളിച്ച കാലയളവിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ ലീഡർഷിപ്പ് ക്വാളിറ്റികൾ പ്രകടിപ്പിക്കാൻ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്.”- ശ്രീധർ പറഞ്ഞു.
“ടീമിലെ മറ്റു കളിക്കാരുമായുള്ള സൂര്യകുമാർ യാദവിന്റെ ബന്ധവും ആ താരങ്ങൾ ഏത് തരത്തിൽ സൂര്യയെ നോക്കിക്കാണുന്നു എന്ന ഘടകങ്ങളുമെല്ലാം അവന് അനുകൂലമായി മാറുകയായിരുന്നു. മാത്രമല്ല മൈതാനത്തിന് പുറത്തും അകത്തും ടീമിനെ നന്നായി നയിക്കാനുള്ള കഴിവും സൂര്യയ്ക്ക് ഉണ്ടായിരുന്നു. പരിക്കുകൾ ഒന്നുമില്ലാതെ എല്ലാ മത്സരങ്ങളിലും കളിക്കാൻ അവന് സാധിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻസിയ്ക്ക് അർഹനാക്കി മാറ്റിയത്.”- ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് പറഞ്ഞു.
ട്വന്റി20 നായകനായ ആദ്യ പരമ്പരയിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ 3- 0 എന്ന നിലയ്ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പരമ്പരയിലുടനീളം സൂര്യകുമാർ യാദവിന്റെ നായകത്വ മികവ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. അവസാന ട്വന്റി20 മത്സരത്തിൽ ഇന്ത്യ പരാജയത്തിന്റെ വക്കിൽ നിൽക്കുമ്പോൾ നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ട് സൂര്യകുമാർ ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.