“എന്തുകൊണ്ടാണ് ബാറ്റിംഗ് ഓർഡർ മാറ്റുന്നത്”. ഇന്ത്യൻ കോച്ച് പറയുന്നു.

axar patel

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നാലാം നമ്പർ ബാറ്ററുടെ അഭാവം. ഇന്ത്യ നാലാം നമ്പറിൽ കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഒരുപാട് താരങ്ങളെ പരീക്ഷിക്കുകയുണ്ടായി. എന്നാൽ പലരും ഈ പൊസിഷനിൽ മികവ് പുലർത്താറില്ല. എന്നിരുന്നാലും ശ്രേയസ് അയ്യരെ നാലാം നമ്പറിലും കെഎൽ രാഹുലിനെ അഞ്ചാം നമ്പറിലും ഇറക്കുന്നത് ഇന്ത്യയ്ക്ക് കുറച്ചുകൂടി സ്ഥിരത നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ ഈ നമ്പരിൽ വ്യത്യാസങ്ങൾ വന്നിരിക്കുകയാണ്. പ്രധാനമായും ക്രീസിൽ ഇടംകൈ വലംകൈ കോമ്പിനേഷനുകൾ ശക്തമാക്കുന്നതിനായി ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തന്നെ വലിയ മാറ്റമാണ് ഗംഭീർ വരുത്തുന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇത് കാണുകയുണ്ടായി. വ്യക്തമല്ലാത്ത ഒരു ബാറ്റിംഗ് നിരയായിരുന്നു രണ്ടാം മത്സരത്തിൽ കാണാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പിന്നിൽ കളിച്ച ശിവം ദുബെയെ, രണ്ടാം മത്സരത്തിൽ നാലാം നമ്പറിൽ ഇന്ത്യ ഇറക്കുകയുണ്ടായി. അയ്യരും രാഹുലും ബാറ്റിംഗ് നിരയിൽ താഴേക്ക് ഇറങ്ങുകയാണ് ചെയ്തത്. ഇത് ഇന്ത്യയെ മത്സരത്തിൽ മോശമായി ബാധിച്ചു.

ഇന്ത്യ മത്സരത്തിൽ 32 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതിന് ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ ചോദ്യങ്ങൾ തന്നെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഇടംകൈ- വലംകൈ കോമ്പിനേഷൻ മാത്രം പ്രതീക്ഷിച്ച് ബാറ്റിംഗ് നിരയിൽ വലിയ മാറ്റം ഉണ്ടാക്കുന്നത് ഇനിയും ഇന്ത്യക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായർ. ഇത്തരത്തിൽ ബാറ്റിംഗ് ഓർഡറിൽ വ്യത്യാസം വരുത്തുന്ന തീരുമാനത്തോട് യോജിച്ചാണ് അഭിഷേക് നായർ സംസാരിച്ചത്. വ്യത്യസ്തതരം സ്പിന്നർമാരെ നേരിടാൻ ഇത്തരത്തിൽ മാറ്റങ്ങൾ ആവശ്യമാണ് എന്ന് അഭിഷേക് പറയുകയുണ്ടായി.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

“മത്സരത്തിന്റെ വ്യത്യസ്തമായ ഏരിയകളിൽ കളിക്കുമ്പോഴാണ് പൊസിഷനുകളിൽ ഇത്തരത്തിൽ മാറ്റം ഉണ്ടാവുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് മത്സരത്തിന്റെ മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയുണ്ടായി. അത് മധ്യനിര ബാറ്റർമാരുടെ മികവിൽ വന്ന പ്രശ്നമാണ്. മധ്യനിര ബാറ്റർമാർ പിന്നീടെത്തിയത് കൊണ്ടല്ല അത്തരത്തിൽ വിക്കറ്റ് നഷ്ടമുണ്ടായത്. 4, 5, 6 പൊസിഷനുകളിൽ ബാറ്റ് ചെയ്യുന്നവരെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.”

”ഈ നമ്പറുകളിലുള്ള ബാറ്റർമാരെ പരസ്പരം മാറ്റേണ്ടിവരും. പ്രധാനമായും ഇടംകൈ- വലംകൈ കോമ്പിനേഷനുകൾ തുടരാനാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നത്. ഒരുപാട് വ്യത്യസ്ത സ്പിൻ ബോളർമാരുള്ള ടീമാണ് ശ്രീലങ്ക. ഓഫ് സ്പിന്നർമാരും ലെഗ് സ്പിന്നർമാരും ശ്രീലങ്കൻ ടീമിലുണ്ട്.”- അഭിഷേക് നായർ പറഞ്ഞു.

“ഇക്കാര്യത്തിൽ ഞങ്ങളുടെ ചിന്തകൾ കൃത്യമായി. പക്ഷേ ഇത്തരം കാര്യങ്ങൾ പ്രാവർത്തികമാകാതെ വരുമ്പോഴാണ് ഇതിനെതിരെ ചോദ്യങ്ങൾ ഉയരുന്നത്. മധ്യനിര ബാറ്റർക്ക് മധ്യനിര ബാറ്ററായി തന്നെ തുടരാൻ സാധിക്കുകയാണെങ്കിൽ അത് കൃത്യമായ തീരുമാനമാണ് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.”- അഭിഷേക് നായർ പറയുന്നു. മത്സരത്തിൽ ശിവം ദുബയ്ക്ക് നാലാം നമ്പറിൽ അവസരം നൽകിയെങ്കിലും അത് യാതൊരു തരത്തിലും മുതലാക്കാൻ താരത്തിന് സാധിച്ചില്ല. മത്സരത്തിൽ 4 പന്തുകൾ നേരിട്ട ദുബെ റൺസൊന്നും നേടാതെ പുറത്താകുകയാണ് ഉണ്ടായത്.

Scroll to Top