ഇന്നലെയായിരുന്നു ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം 20-20 മത്സരം. മത്സരത്തിൽ കിവീസിനെ 6 വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിവിസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വളരെ കഷ്ടിച്ച് ആയിരുന്നു വിജയിച്ചത്. വെറും ഒരു പന്ത് മാത്രം ബാക്കിയാക്കി ആയിരുന്നു ഇന്ത്യയുടെ വിജയം.
പതിവ് വെടിക്കെട്ട് ബാറ്റിംഗ് ശൈലിയിൽ നിന്നും മാറി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി സൂര്യ കുമാർ യാദവ് നടത്തിയ പോരാട്ടം ആയിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 31 പന്തുകളിൽ നിന്നും വെറും ഒരു ഫോർ അടക്കം 26 റൺസായിരുന്നു താരം നേടിയത്. താരത്തിന്റെ ഈ പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നൽകി. ഇപ്പോഴിതാ സമ്മാനദാന ചടങ്ങിൽ താരം തൻ്റെ ഭാഗത്തു നിന്നും ഉണ്ടായ പിഴവിൽ മാപ്പ് ചോദിച്ചിരിക്കുകയാണ്.
സ്ട്രൈക്ക് നേരിട്ട സൂര്യകുമാർ യാദവ് അനാവശ്യ റണ്ണിനായി ഓടി വാഷിംഗ്ടൺ സുന്ദറിനെ റൺഔട്ട് ആക്കിയിരുന്നു. അത് സംബന്ധിച്ചാണ് ഇന്ത്യൻ സൂപ്പർ താരം മാപ്പ് ചോദിച്ചിരിക്കുന്നത്.”എൻ്റെ തെറ്റ് ആണ് അത്. തീർച്ചയായും അവിടെ ഒരു റൺസ് ഇല്ലായിരുന്നു. ഞാൻ ബോൾ എവിടേക്കാണ് പോയത് എന്ന് കണ്ടിട്ടില്ലായിരുന്നു.
ഈ മത്സരത്തിൽ എന്റെ വളരെ വ്യത്യസ്തമായ വേർഷൻ ആയിരുന്നു. വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു ബാറ്റിങ്ങിനായി ക്രീസിൽ എത്തിയപ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത്. ഗെയിമിന്റെ അവസാനം വരെ വാഷിംഗ്ടൺ സുന്ദറിനെ നഷ്ടപ്പെട്ടപ്പോൾ ആരെങ്കിലും ഒരാൾ നിൽക്കേണ്ടിയിരുന്നു.”- സൂര്യ കുമാർ യാദവ് പറഞ്ഞു.