“പന്തെറിയാൻ തയാറായിരിക്കണം എന്ന് സൂര്യ പറഞ്ഞിരുന്നു, പക്ഷേ ആ സമയത്ത്.”- റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

385610

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് റിങ്കു സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യൻ ടീമിലേക്ക് എത്തപ്പെട്ട താരമായിരുന്നു റിങ്കു. ഇതുവരെ ഒരു ഫിനിഷർ എന്ന നിലയിലാണ് റിങ്കു സിംഗ് അറിയപ്പെട്ടിരുന്നത്.

എന്നാൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയോട് കൂടി ഒരു ഓൾറൗണ്ടറായി മാറിയിരിക്കുകയാണ് റിങ്കു. പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരത്തിൽ നിർണായകമായ ഓവർ എറിഞ്ഞ് 2 വിക്കറ്റുകൾ സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചു. മത്സരത്തിൽ ശ്രീലങ്കയ്ക്ക് 2 ഓവറുകളിൽ 9 റൺസ് വേണ്ട സമയത്തായിരുന്നു സൂര്യകുമാർ യാദവ് റിങ്കു സിംഗിനെ പന്തേൽപ്പിച്ചത്.

ഓവറിൽ കേവലം 3 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റുകൾ സ്വന്തമാക്കാൻ റിങ്കു സിംഗിന് സാധിച്ചു. ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചതും റിങ്കുവിന്റെ ഈ അത്ഭുത ഓവറാണ്. ഇത്തരത്തിൽ മത്സരത്തിൽ ഓവർ എറിയേണ്ടി വരുമെന്ന് നായകൻ സൂര്യകുമാർ യാദവ് തനിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു എന്നാണ് റിങ്കു സിംഗ് പറയുന്നത്. ആവശ്യമെങ്കിൽ പന്ത് എറിയേണ്ടി വരും എന്നാണ് സൂര്യ റിങ്കുവിനോട് പറഞ്ഞത്. “ആഭ്യന്തര ക്രിക്കറ്റിൽ കുറച്ച് വിക്കറ്റുകൾ സ്വന്തമാക്കാൻ എനിക്ക് സാധിച്ചിരുന്നു. ഏകദിന മത്സരത്തിലും ഞാൻ ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പരമ്പരയിൽ ബോൾ ചെയ്യാൻ തയ്യാറായിരിക്കണമെന്ന് സൂര്യകുമാർ യാദവ് എന്നെ അറിയിച്ചിരുന്നു.”- റിങ്കു പറഞ്ഞു.

Read Also -  "നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും", ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

“എന്നാൽ മത്സരത്തിന് മുൻപായി ഞാൻ ബോൾ ചെയ്തിരുന്നില്ല. പക്ഷേ സൂര്യകുമാർ യാദവ് എന്റെ അടുത്ത് വരികയും ബോളിംഗ് പരിശീലനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും മത്സരത്തിനിടെ ബോൾ ചെയ്യാൻ എന്നോട് ആവശ്യപ്പെടുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം അത്രമാത്രം കഠിനമായ ഒരു സാഹചര്യമായിരുന്നു അപ്പോൾ മത്സരത്തിൽ ഉണ്ടായിരുന്നത്. പക്ഷേ എന്നോട് പന്തറിയാൻ സൂര്യ ആവശ്യപ്പെടുകയാണ് ചെയ്തത്.”- റിങ്കു കൂട്ടിച്ചേർത്തു.

മത്സരത്തിൽ റിങ്കു മികവാർന്ന പ്രകടനം പുറത്തെടുത്തതോടെ അവസാന ഓവറിൽ ശ്രീലങ്കയുടെ വിജയലക്ഷ്യം 6 റൺസായി മാറി. എന്നാൽ ഇന്ത്യൻ നായകൻ സൂരികുമാർ യാദവ് അവസാന ഓവറിൽ ഒരു അത്ഭുതപ്രകടനം കാഴ്ചവയ്ക്കുകയും മത്സരം സമനിലയിലാക്കുകയുമാണ് ചെയ്തത്. പിന്നീട് സൂപ്പർ ഓവറിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരമ്പര 3- 0 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇനി 3 ഏകദിന മത്സരങ്ങൾ കൂടിയാണ് ഇന്ത്യയ്ക്ക് ശ്രീലങ്കൻ മണ്ണിൽ അവശേഷിക്കുന്നത്. ഓഗസ്റ്റ് 2ന് കൊളംബോയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

Scroll to Top