ത്രില്ലര്‍.. ത്രില്ലര്‍.. അവസാന പന്തില്‍ ആവേശ വിജയവുമായി ഹൈദരബാദ്. രാജസ്ഥാന്‍ റോയല്‍സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ലാ

e044ca68 534c 46f6 9959 5d2aa94316fd 1 1

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്. മത്സരത്തിൽ ഒരു റണ്ണിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ ശക്തമായ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ഹൈദരാബാദിന് രക്ഷയായത്.

അവസാന 2 ഓവറുകളിൽ 20 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 19ആം ഓവറിൽ കമ്മീൻസിന്റെ വെടിക്കെട്ട് ബോളിങ്‌ പ്രകടനവും അവസാന ഓവറിൽ ഭുവനേശ്വർ കുമാറിന്റെ പരിചയ സമ്പന്നതയും രാജസ്ഥാന്റെ പരാജയത്തിൽ പ്രധാന ഘടകമായി മാറി.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശർമയുടെയും(12) അൻമോൾപ്രീറ്റ് സിംഗിന്റെയും(5) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഹൈദരാബാദിന് നഷ്ടമായി. എന്നാൽ ഒരുവശത്ത് ഓപ്പണർ ഹെഡ് ക്രീസിലുറച്ചത് ടീമിന് വലിയ പ്രതീക്ഷ നൽകി.

ശേഷം മൂന്നാം വിക്കറ്റിൽ നിതീഷ് റെഡീയുമായി ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഹെഡ് കെട്ടിപ്പടുക്കുകയുണ്ടായി. 96 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഹെഡ് മത്സരത്തിൽ 44 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 58 റൺസാണ് നേടിയത്.

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് കാഴ്ചവെച്ച നിതീഷ് 42 പന്തുകളിൽ 3 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 76 റൺസ് നേടുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ക്ലാസനും അടിച്ചുതകർത്തതോടെ ഹൈദരാബാദ് മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

19 പന്തുകൾ നേരിട്ട ക്ലാസൻ 3 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെടെ 42 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് ഒരു ദുരന്ത തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ സ്റ്റാർ ബാറ്റർമാരായ ജോസ് ബട്റുടെയും(0) സഞ്ജു സാംസന്റെയും(0) വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

ശേഷം മൂന്നാം വിക്കറ്റിൽ യുവതാരങ്ങളായ ജയസ്വാളും റിയാൻ പരഗും ചേർന്ന് രാജസ്ഥാന്റെ സ്കോറിങ് ഉയർത്തുകയായിരുന്നു. വളരെ പക്വതയാർന്ന രീതിയിൽ രാജസ്ഥാനായി മുമ്പോട്ട് പോകാൻ ഇരു താരങ്ങൾക്കും സാധിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ സ്വന്തമാക്കി ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കാനും ഇരുവർക്കും സാധിച്ചിരുന്നു. റിയാൻ മത്സരത്തിൽ 49 പന്തുകളിൽ 8 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 77 റൺസ് നേടുകയുണ്ടായി. ജയസ്വാൾ 40 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 67 റൺസാണ് നേടിയത്.

അവസാന 2 ഓവറുകളിൽ 20 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. 19ആം ഓവറിലെ ആദ്യ പന്തിൽ തന്നെ ജൂറലിനെ പുറത്താക്കാൻ കമ്മിൻസിന് സാധിച്ചു. ഇതോടെ രാജസ്ഥാൻ കൂടുതൽ സമ്മർദ്ദത്തിലായി. പത്തൊമ്പതാം ഓവറിൽ കേവലം 7 റൺസ് മാത്രമാണ് കമ്മിൻസ് വിട്ട് നൽകിയത്. ഇതോടെ അവസാന ഓവറിലെ രാജസ്ഥാന്റെ വിജയലക്ഷ്യം 13 റൺസായി മാറി. ഭുവനേശ്വർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിംഗിൾ മാത്രമാണ് അശ്വിൻ നേടിയത്. രണ്ടാം പന്തിൽ 2 റൺസ് സ്വന്തമാക്കാൻ പവലിന് സാധിച്ചു. ശേഷം അടുത്ത പന്തിൽ പവൽ ബൗണ്ടറി നേടിയതോടെ രാജസ്ഥാന്റെ വിജയ പ്രതിക്ഷ വർദ്ധിച്ചു.

അവസാന 2 പന്തുകളിൽ 4 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം അഞ്ചാം പന്തിലും പവൽ 2 റൺസ് സ്വന്തമാക്കിയതോടെ രാജസ്ഥാന്റെ അവസാന പന്തിലെ വിജയലക്ഷ്യം 2 റൺസായി മാറി. എന്നാൽ അവസാന പന്തിൽ ഭുവനേശ്വർ കുമാർ പവലിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ രാജസ്ഥാൻ മത്സരത്തിൽ ഒരു റണ്ണിന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ രാജസ്ഥാനായി പൊരുതിയ പവൽ 15 പന്തുകളിൽ 27 റൺസാണ് നേടിയത്.

Scroll to Top