ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് സൺറൈസേഴ്സ് വിജയം കണ്ടത്. 2023 ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ വിജയമാണ് ഹൈദരാബാദ് മത്സരത്തിൽ നേടിയത്. 4 വിക്കറ്റുകൾ വീഴ്ത്തിയ മയങ്ക് മാർക്കണ്ടയുടെ ബോളിംഗ് പ്രകടനവും, രാഹുൽ ത്രിപാതിയുടെ ബാറ്റിംഗ് പ്രകടനവുമാണ് മത്സരത്തിൽ ഹൈദരാബാദിനെ വിജയത്തിൽ എത്തിച്ചത്. ആദ്യ മത്സരങ്ങളിൽ ദയനീയ പരാജയമെറ്റുവാങ്ങിയ ഹൈദരാബാദിന് ആശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്തുകൊണ്ടും ഈ തീരുമാനം ശരി വെക്കുന്ന തുടക്കം തന്നെയാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ പന്തിൽ തന്നെ പഞ്ചാബിന്റെ ഓപ്പണർ പ്രഭസിമ്രാനെ കൂടാരം കയറ്റാൻ ഭുവനേശ്വർ കുമാറിന് സാധിച്ചു. പിന്നാലെ ഒരു വശത്ത് വിക്കറ്റുകൾ പൊഴിഞ്ഞു കൊണ്ടേയിരുന്നു. മറുവശത്ത് ശിഖർ ധവാൻ ക്രീസിലുറച്ചെങ്കിലും കൃത്യമായ കൂട്ടുകെട്ടുകൾ ലഭിക്കാതിരുന്നത് പഞ്ചാബിനെ ബാധിക്കുകയായിരുന്നു. ഇന്നിങ്സിലൂടനീളം പഞ്ചാബിനായി പൊരുതിയ ധവാൻ 66 പന്തുകളിൽ 99 റൺസ് നേടി. ഇന്നിംഗ്സിൽ 12 ബൗണ്ടറുകളും 5 സിക്സറുകളും ഉൾപ്പെട്ടു. ധവാന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 143 റൺസാണ് പഞ്ചാബ് കിംഗ്സ് നേടിയത്.
മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഹൈദരാബാദിന് ലഭിച്ചത്. ഓപ്പണർ ഹാരി ബ്രുക്ക്(13) തുടക്കം തന്നെ കൂടാരം കയറി. എന്നാൽ മൂന്നാം വിക്കറ്റിൽ രാഹുൽ ത്രിപാതിയും എയ്ഡൻ മാക്രവും ഹൈദരാബാദിനായി കൂടാരം തീർക്കുകയായിരുന്നു. ത്രിപാതി 48 പന്തുകളിൽ 74 റൺസ് ആണ് നേടിയത്. മാക്രം 21 പന്തുകളിൽ 37 റൺസ് നേടി ആവശ്യമായ പിന്തുണയും നൽകി. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ 8 വിക്കറ്റുകൾക്ക് വിജയം നേടുകയായിരുന്നു.
ഹൈദരാബാദിനെ സംബന്ധിച്ച് ഈ വിജയം വളരെ ആശ്വാസം തന്നെയാണ് നൽകുന്നത്. ആദ്യ മത്സരങ്ങളിൽ വമ്പൻ പരാജയം തന്നെയായിരുന്നു ഹൈദരാബാദ് നേടിയത്. ഇതിൽ നിന്നുള്ള ഒരു തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ കാണാനായത്. വരും മത്സരങ്ങളിലും ഹൈദരാബാദിന്റെ ബാറ്റിംഗ് നിര ഇത്തരത്തിൽ ശക്തമായി തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്.