ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു ത്രില്ലർ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ മികച്ച ബോളിംഗ് പ്രകടനമാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. ടൂർണമെന്റിലെ ആദ്യ 5 മത്സരങ്ങൾ പരാജയപ്പെട്ടു തുടങ്ങിയ ഡൽഹിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഇതോടെ പോയിന്റ്സ് ടേബിൾ പോരാട്ടത്തിൽ ഡൽഹിയും മുൻപിലേക്ക് എത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവറിൽ തന്നെ ഡൽഹിക്ക് തങ്ങളുടെ സ്റ്റാർ ഓപ്പണർ ഫിൽ സോൾട്ടിനെ(0) നഷ്ടമായി. ശേഷം മിച്ചൽ മാർഷും ഡേവിഡ് വാർണറും അടിച്ചു തുടങ്ങിയെങ്കിലും ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു. ഡൽഹിയുടെ വിക്കറ്റുകൾ തുരുതുരാ വീഴുന്ന കാഴ്ചയായിരുന്നു കണ്ടത്. 8 ഓവറുകൾ പിന്നിട്ടപ്പോൾ ഡൽഹി 62ന് 5 എന്ന നിലയിൽ തകരുകയുണ്ടായി. അതിനുശേഷം അക്ഷർ പട്ടേലും മനീഷ് പാണ്ടെയും ചേർന്ന് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. അക്ഷർ പട്ടേൽ മത്സരത്തിൽ 34 പന്തുകളിൽ 34 റൺസ് നേടി. മനീഷ് പാണ്ഡെ 27 പന്തുകളിൽ 34 റൺസ് നേടി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 144 എന്ന സ്കോറിൽ ഡൽഹി എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ ഓപ്പണറെയും തുടക്കത്തിൽ തന്നെ വീഴ്ത്താൻ ഡൽഹിക്ക് സാധിച്ചു. ഹാരി ബ്രുക്കിനെ(7) തുടക്കത്തിൽ തന്നെ ഡൽഹി കൂടാരം കയറ്റി. ശേഷം മായങ്ക് അഗർവാളും ത്രിപാതിയും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. എന്നാൽ കൃത്യമായ സമയത്ത് ത്രിപാതിയുടെ(15) വിക്കറ്റ് വീഴ്ത്തി ഡൽഹി മത്സരത്തിലേക്ക് തിരിച്ചു വരികയുണ്ടായി. ശേഷം അഭിഷേക് ശർമ(5) മാക്രം(3) അഗർവാൾ(49)എന്നിവരുടെ വിക്കറ്റുകൾ കൂടി വീണതോടെ ഹൈദരാബാദ് മത്സരത്തിൽ പതറി.
എന്നാൽ അവസാന ഓവറുകളിൽ ക്ലാസനും വാഷിംഗ്ടൺ സുന്ദറും ഹൈദരാബാദിന്റെ പടയാളികളായി മാറുകയായിരുന്നു. ക്ലാസൻ മത്സരത്തിൽ 19 പന്തുകളിൽ 31 റൺസാണ് നേടിയത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. എന്നാൽ നിർണായകമായ 19ആം ഓവറിൽ ക്ലാസനെ തിരിച്ചയക്കാൻ നോർക്യയ്ക്ക് സാധിച്ചു. ഇതോടെ അവസാന ഓവറിൽ ഹൈദരാബാദിന് ആവശ്യമായി വന്നത് 13 റൺസാണ്. വാഷിംഗ്ടൺ സുന്ദർ മാത്രമായിരുന്നു ഹൈദരാബാദിന്റെ അവസാന ഓവറിലെ പ്രതീക്ഷ. എന്നാൽ മുകേഷ് കുമാർ ഓവറിൽ കൃത്യത കാട്ടിയതോടെ വാഷിംഗ്ടൺ സുന്ദർ(24) പരാജയപ്പെടുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഡൽഹി വിജയം നേടി.