ശ്രീലങ്കക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യയുടെ തോൽവി വീണ്ടും ചർച്ചയാക്കി മാറ്റുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.5 അരങ്ങേറ്റ താരങ്ങളെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ കളിപ്പിച്ചതാണ് പല ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തിൽ മിക്ക താരങ്ങളും തിളങ്ങിയെങ്കിലും മുൻ താരങ്ങളിൽ പലരും ടീം മാനേജ്മെന്റ് കൈകൊണ്ട തീരുമാനത്തിന് എതിരെ രൂക്ഷമായ ഭാഷയിൽ തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ ഇക്കാര്യത്തിൽ വിമർശിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ.
പരമ്പരയിലെ അവസാന ഏകദിനത്തിൽ അഞ്ച് അരങ്ങേറ്റ താരങ്ങൾക്ക് കൂടി ടീമിൽ അവസരം നൽകിയത് തെറ്റായി എന്ന് പറഞ്ഞ സുനിൽ ഗവാസ്ക്കർ ഇത് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ഒരു മാറ്റം സംഭവിച്ചതാണ് എന്നും വിശദീകരണം നൽകുന്നു. ഒരൊറ്റ മത്സരത്തിൽ എല്ലാ താരങ്ങൾക്കും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ കഴിഞ്ഞ ചില മത്സരങ്ങളിൽ തിളങ്ങിയ താരങ്ങളെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റിയ തീരുമാനത്തെ ആരാധകരും ഒപ്പം മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും രൂക്ഷ ഭാഷയിൽ വിമർശിച്ചു. മലയാളി താരം സഞ്ജു സാംസൺ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കറിയ എന്നിവരാണ് ഇന്നലെ നടന്ന മത്സരത്തിൽ ഏകദിന അരങ്ങേറ്റത്തിന് തുടക്കം കുറിച്ച താരങ്ങൾ.
“എന്റെ അഭിപ്രായത്തിൽ ഇത് ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടുവരുന്ന ഒരു പുതിയ പ്രതിഭാസമാണ്. മുൻപൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ് പല താരങ്ങൾക്കും അവസരം ലഭിച്ചത്. എന്നാൽ ഇന്ന് ഏതേലും ഒരു പരമ്പര നേടിയാൽ അവസാന മത്സരത്തിൽ എല്ലാ താരങ്ങൾക്കും അരങ്ങേറ്റത്തിനുള്ള ഒരു അവസരം ലഭിക്കും. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ തിളങ്ങിയ ദീപക് ചഹാർ മൂന്നാം ഏകദിനം കളിച്ചില്ല. മുൻപ് സ്റ്റാർ പേസർ ഭുവി ചില മത്സരങ്ങളിൽ ബാറ്റ് കൊണ്ടും മത്സരങ്ങൾ ജയിപ്പിച്ചപ്പോൾ അദ്ദേഹത്തെ ബാറ്റിങ് ഓൾറൗണ്ടർ എന്ന് പലരും വിശേഷിപ്പിച്ചു. പക്ഷേ അവനെ ഒരു മികച്ച ബാറ്റിങ് ഓൾറൗണ്ടറായി വളർത്തുവാനുള്ള ശ്രമം എവിടെ നിന്നും സംഭവിച്ചില്ല.”ഗവാസ്ക്കർ അഭിപ്രായം വിവരിച്ചു.