എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ് ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടോസിനു ശേഷം ഇന്ത്യൻ പ്ലെയിങ് ഇലവനെ കുറിച്ച് നായകൻ രാഹുൽ പറഞ്ഞത്. ആരാധകർ ഞെട്ടാൻ കാരണം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും ആദ്യ ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായ കുൽദീപ് യാദവിനെ ഒഴിവാക്കിയതാണ്. പകരം ഉൾപ്പെടുത്തിയത് ഇന്ത്യൻ ടീമിൽ ഒരു കാലത്തും സ്ഥിര സാന്നിധ്യം അല്ലാത്ത ജയദേവ് ഉനദ്കട്ടിനെയാണ്. ഈ തീരുമാനത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും നായകൻ രാഹുലിനെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത്.
എന്തുകൊണ്ടാണ് കഴിഞ്ഞ മത്സരത്തിലെ മാച്ച് വിന്നറായ കുൽദീപിനെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്നാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോഴിതാ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്നും കുൽദീപിനെ ഒഴിവാക്കിയത് അവിശ്വസനീയമെന്നാണ് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്. സോണി സ്പോർട്സ് നെറ്റ്വർക്കിൻ്റെ ഷോയിൽ സംസാരിക്കുന്നതിനിടയിലാണ് സുനിൽ ഗവാസ്കർ തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.
“ഒരു മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് ആയ ഒരു കളിക്കാരനെ അടുത്ത മത്സരത്തിൽ നിന്നും ഒഴിവാക്കുക. ഇത് തീർത്തും അവിശ്വസനീയമായ കാര്യമാണ്. വളരെ മാന്യമായ വാക്കാണ് അവിശ്വസനീയമെന്നത്. കൂടുതൽ പരുഷമായ വാക്കുകൾ ഉപയോഗിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളിൽ 8 എണ്ണവും വീഴ്ത്തിയത് അവനാണ്. ഇതിൽ ഒരു ഫൈഫറും ഉൾപ്പെടുന്നുണ്ട്. വേറെ രണ്ട് സ്പിന്നർമാർ കൂടെ ഇന്ത്യൻ ഇലവനിൽ ഉണ്ട്. ഇന്ത്യ ഈ മത്സരത്തിൽ നിന്നും ഒഴിവാക്കേണ്ടിയിരുന്നത് അക്ഷർ പട്ടേൽ,ആർ.അശ്വിൻ എന്നിവരിൽ ഒരാളെ ആയിരുന്നു. എന്തൊക്കെ സംഭവിച്ചാലും കുൽദീപ് യാദവിനെ ഈ മത്സരത്തിൽ കളിപ്പിക്കേണ്ടിയിരുന്നു.”- സുനിൽ ഗാവസ്കർ പറഞ്ഞു.
നീണ്ട 22 മാസങ്ങൾക്ക് ശേഷമാണ് താരം ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. നിർണായക പങ്കാണ് ആദ്യം മത്സരത്തിലെ വിജയത്തിൽ താരം വഹിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അവസരം മികച്ച രീതിയിൽ താരം മുതലാക്കിയിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് കൊണ്ട് 40 റൺസും, ബൗൾ കൊണ്ട് രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് എട്ടു വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
താരം ഫൈഫർ സ്വന്തമാക്കിയത് ആദ്യ ഇന്നിംഗ്സിൽ ആയിരുന്നു. രണ്ടാമത്തെ ഇന്നിംഗ്സിൽ നിർണായകമായ മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കി. ഈ ഫോർമാറ്റിലെ താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്.