നായകൻ രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീമിന് ഐക്യമില്ല എന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും ഇതിഹാസവുമായ സുനിൽ ഗവാസ്കർ. രോഹിത്തിന്റെ നായകത്വത്തിന് കീഴിൽ കളിക്കാർ തമ്മിൽ ആത്മബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലെന്നും, ഇത് ഇന്ത്യയുടെ മത്സരഫലങ്ങളെ പോലും ബാധിക്കുന്നുണ്ടെന്നുമാണ് സുനിൽ ഗവാസ്കർ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ദൃഢമായ ടീമിൽ സൗഹൃദങ്ങൾ ഇല്ലാത്തത് തീർത്തും നിരാശജനകമാണെന്നും ഗവാസ്കർ പറയുകയുണ്ടായി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഗവാസ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
“എന്നെ സംബന്ധിച്ച് അത് വളരെ ദുഃഖകരമായ ഒരു വസ്തുതയാണ്. മത്സരം അവസാനിച്ചതിനുശേഷം താരങ്ങളൊക്കെയും ഒരുമിച്ചിരുന്ന് മത്സരത്തെപ്പറ്റിയല്ലാതെ സംഗീതം, സിനിമ, പൊതുകാര്യങ്ങൾ എന്നിവയെയൊക്കെപ്പറ്റി സംസാരിക്കണം. എന്നാൽ അത്തരമൊരു സൗഹൃദമോ അതിനുപറ്റിയ അന്തരീക്ഷമോ ഇന്ത്യൻ ടീമിൽ ഇപ്പോഴുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് എന്നെ സംബന്ധിച്ച് തീർത്തും നിരാശാജനകം തന്നെയാണ്. 20 വർഷങ്ങൾക്ക് മുൻപ് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. ഇപ്പോൾ ടീമിലെ ഓരോ താരങ്ങൾക്കും ഓരോ മുറികൾ വീതമാണ് താമസിക്കാനായി നൽകാറുള്ളത്. അതിനുശേഷമാണ് ഇത്രയധികം മാറ്റങ്ങൾ വന്നെത്തിയിരിക്കുന്നത്.”- ഗവാസ്കർ പറയുന്നു.
“നായകൻ എന്ന നിലയിൽ രോഹിത് ശർമയിൽ ഞാൻ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഇന്ത്യയിൽ മികച്ച പ്രകടനം രോഹിത് നടത്തുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് വിദേശത്തായിരുന്നു നായകൻ എന്ന നിലയിൽ രോഹിത് മികവ് പുലർത്തേണ്ടത്. അതായിരുന്നു രോഹിത്തിന് മുൻപിലുള്ള വെല്ലുവിളി. എന്നാൽ അവിടെ രോഹിത് നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. ഇന്ത്യൻ പ്രീമിയർ ലീഗിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഇത്രയധികം മത്സരങ്ങൾ കളിച്ചതിന്റെ അനുഭവസമ്പത്ത് രോഹിതിനുണ്ട്. മാത്രമല്ല നായകനായും ഒരുപാട് മത്സരങ്ങളിൽ രോഹിത് കളിച്ചിട്ടുണ്ട്. പക്ഷേ ഐപിഎല്ലിലെ ഏറ്റവും മികച്ച കളിക്കാരെ ടീമിൽ കിട്ടിയിട്ടും ഒരു ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്താൻ പോലും രോഹിത്തിന് സാധിച്ചില്ല.”- ഗവാസ്കർ വിശദീകരിക്കുന്നു.
ഇതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ രോഹിത് കൈക്കൊണ്ട ചില തീരുമാനങ്ങളെ പറ്റിയും സുനിൽ ഗവാസ്കർ ചോദിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടോസ് നേടിയിട്ടും രോഹിത് എന്തുകൊണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തുവെന്നും, ട്രാവിസ് ഹെഡ് ബാറ്റിംഗ് ക്രീസിൽ എത്തിയപ്പോൾ എന്തുകൊണ്ട് ബൗൺസറുകൾ എറിഞ്ഞില്ലയെന്നും ഗവാസ്കർ ചോദിക്കുകയുണ്ടായി. ഇതോടൊപ്പം രവിചന്ദ്രൻ അശ്വിനെ മത്സരത്തിൽ കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കർ ചോദ്യം ചെയ്യുന്നു.