ഇപ്പോൾ ഇന്ത്യൻ താരങ്ങൾ എന്റെയടുത്ത് ഉപദേശങ്ങൾ ചോദിക്കാറില്ല. പരോക്ഷ വിമർശനവുമായി ഗവാസ്കർ

Sunil Gavaskar 1

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങളെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ. തങ്ങളുടെ ബാറ്റിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുൻ തലമുറയിലുള്ള വമ്പൻ താരങ്ങൾ പോലും തന്റെ സഹായം തേടിയിരുന്നു എന്ന് ഗവാസ്കർ വെളിപ്പെടുത്തുന്നു. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ ഒരാൾ പോലും തങ്ങളുടെ മോശം സമയത്തിലൂടെ കടന്നു പോകുമ്പോൾ ഉപദേശം തേടി തന്റെയടുത്ത് എത്തിയിട്ടില്ല എന്നും ഗവാസ്കർ പറയുകയുണ്ടായി. ഇന്ത്യൻ ബാറ്റിംഗ് മുൻ നിരയിൽ വലിയ രീതിയിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഗവാസ്കർ പറയുന്നത്. എന്നാൽ ഇത് പരിഹരിക്കാനായി തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലയെന്നും ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

മുൻപും ഇത്തരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള സഹായം ചെയ്തു കൊടുത്തിട്ടുള്ള ക്രിക്കറ്ററാണ് ഗവാസ്കർ. മുൻപ് ഇന്ത്യയുടെ ഓപ്പണർ വീരേന്ദർ സേവാഗ് തന്റെ ഉപദേശം തേടിയെത്തിയ സമയത്തെപ്പറ്റി ഗവാസ്കർ ഉദാഹരണമായി സംസാരിക്കുകയുണ്ടായി. “ഒരു ബാറ്റർ വീണ്ടും വീണ്ടും തങ്ങളുടെ തെറ്റ് ആവർത്തിക്കുമ്പോൾ തങ്ങളുടെ ടെക്നിക്കിൽ വന്ന പ്രശ്നങ്ങളെപ്പറ്റി മറ്റുള്ളവരോട് ചോദിച്ചറിയേണ്ടതുണ്ട്. ഒരിക്കൽ വീരേന്ദർ സേവാഗ് എന്റെ സഹായം തേടി വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് വലിയ രീതിയിൽ റൺസ് നേടാൻ സാധിച്ചിരുന്നില്ല. അന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ഓഫ് സ്റ്റമ്പ്‌ ഗാർഡ് ഒന്ന് ശ്രമിച്ചു നോക്കാനാണ്. അപ്പോൾ സേവാഗ് ചോദിച്ചത് അങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്നാണ്. സേവാഗ് ഒരു നല്ല ഫുട്ട് വർക്ക് ചെയ്യുന്ന ആളല്ല. ചില സമയങ്ങളിൽ ഓഫ് സ്റ്റമ്പിന് വെളിയിൽ പോകുന്ന പന്തുപോലും എത്തിപ്പിടിക്കാൻ സേവാഗ് ശ്രമിക്കുന്നു. ഇത്തരം ബോളുകൾ കളിക്കുക എന്നത് ഏതു ബാറ്ററെ സംബന്ധിച്ചും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ഓഫ് സ്റ്റമ്പ് ഗാർഡ് എടുക്കുകയാണെങ്കിൽ പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണ് പോകുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കും. ഇതായിരുന്നു ഞാൻ സേവാഗിന് നൽകിയ മറുപടി.”- ഗവാസ്കർ പറഞ്ഞു

Read Also -  "ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും"- രസകരമായ മറുപടിയുമായി കമ്മിൻസ്..

“ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ ഒരു താരം പോലും എന്റെയടുത്ത് വന്നിട്ടില്ല. മുൻപ് സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ എന്നിവരൊക്കെയും എന്നെ പലപ്പോഴും സമീപിച്ചിരുന്നു. ഇവർ എന്റെയടുത്ത് നിന്ന് ബാറ്റിംഗ് ഉപദേശങ്ങൾ തേടുകയും ചെയ്തിരുന്നു. പലപ്പോഴും ബാറ്റിംഗിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്താണ് ഈ താരങ്ങൾ എന്നെ സമീപിച്ചിരുന്നത്. പ്രസ്തുത കാര്യങ്ങളെപ്പറ്റി എന്റെ നിരീക്ഷണം ഞാൻ അവരോട് അറിയിക്കുകയും ചെയ്തിരുന്നു.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

“ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ കാര്യമെടുത്താൽ യാതൊരു തരത്തിലുമുള്ള ഈഗോ എനിക്കില്ല. അവർക്ക് ആവശ്യമെങ്കിൽ അവരുടെ അടുത്തേക്ക് ചെല്ലാനും സംസാരിക്കാനും എനിക്ക് സാധിക്കും. എന്നാൽ ദ്രാവിഡും റാത്തോറും അടക്കമുള്ള കോച്ചുമാർ ഇന്ത്യയോടൊപ്പം ഉള്ളതിനാൽ തന്നെ താരങ്ങളെ ഇതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുമെന്ന് തോന്നുന്നു. കാരണം ഒരുപാട് വിവരങ്ങൾ മറ്റുള്ളവരിൽ നിന്ന് ലഭിച്ചാൽ താരങ്ങൾ ആശയക്കുഴപ്പത്തിൽ ആകുമോ എന്ന് പേടി ഇവർക്കുണ്ടാവും.”- ഗവാസ്കർ പറഞ്ഞുവെക്കുന്നു.

Scroll to Top