ഇന്ത്യൻ ടീമിലെ ഇതിഹാസ താരം ആണ് സുനിൽ ഗവാസ്ക്കർ. ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ കരിയറിൽ 10000 റൺസ് നേടുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിൻ്റെയും സ്വപ്നമാണ്. ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത് സുനിൽ ഗവാസ്കർ ആണ്.
ഇന്ത്യക്കുവേണ്ടി 125 മത്സരങ്ങൾ കളിച്ച ഗവാസ്കർ 51.12 ശരാശരിയിൽ 10122 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരത്തിൻ്റെ ഈ നേട്ടത്തിന് പുറകെ ആദ്യമായി ഈ നേട്ടം കൈവരിച്ചതിൻ്റെ ഓർമ്മകൾ പങ്കിട്ടിരിക്കുകയാണ് സുനിൽ ഗവാസ്കർ. ഗവാസ്കർ അടക്കം 14 ബാറ്റ്സ്മാന്മാരാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
“ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കിയത് അത്ഭുതമായാണ് എനിക്ക് തോന്നിയത്. കാരണം അതിനുമുൻപ് ആർക്കും തന്നെ അത് സ്വന്തമാക്കുവാൻ സാധിച്ചിരുന്നില്ല. 9000 റൺസ് പോലും ആരും അന്ന് നേടിയിരുന്നില്ല. എനിക്കതിന് സാധിച്ചു. എന്നാൽ 9000 നാലക്ക സംഖ്യയാണ്. 10000 അഞ്ചക്കവും. അതുകൊണ്ട് തന്നെ അത് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത് പോലെയായിരുന്നു.”
“ആ സമയത്ത് ഞാൻ അന്ധാളിച്ചുനിൽക്കുകയായിരുന്നു. പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് മറ്റൊരു കാര്യമാണ്. ഞങ്ങൾ അഹമ്മദാബാദിൽ ആയിരുന്നു. അത് ഡ്രൈ (മദ്യം ലഭിക്കാത്ത) ഏരിയയാണ്. എന്നാൽ കപിലിന് എങ്ങനെയോ ഷാംപെയ്ൻ കിട്ടി. അത് അതിശയകരമായിരുന്നു. കപിലായിരുന്നു അന്ന് ക്യാപ്റ്റൻ. പ്രത്യേക അനുമതിയോടെ ഷാംപെയ്ൻ അവൻ സംഘടിപ്പിച്ചു. ഇന്നത്തെ കാലത്ത് സപ്പോർട്ട് സ്റ്റാഫും പോഷകാഹര വിദഗ്ധരും ഒരു ടെസ്റ്റ് മത്സരത്തിൻ്റെ മധ്യത്തിൽ ഷാംപെയ്ൻ കുടിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല.”- ഗാവസ്കർ പറഞ്ഞു.