ഐപിഎൽ പതിനാറാം സീസണിലെ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ വർഷം അവസാനമാണ് ഇന്ത്യയിൽ വെച്ച് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിനെ മുൻനിർത്തിയാണ് സുനിൽ ഗവാസ്കർ സംസാരിച്ചിരിക്കുന്നത്. ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടാൻ സാധിച്ചില്ലെങ്കിൽ ചില മുതിർന്ന താരങ്ങളെ പിന്നെ ഇന്ത്യൻ ടീമിൽ കാണില്ല എന്നാണ് സുനിൽ ഗവാസ്ക്കർ പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം.”ചിലർക്ക് മാത്രം ജോലിഭാരത്തിന്റെ പേരിൽ ലോകകപ്പ് വർഷത്തിൽ പ്രധാന ടൂർണമെന്റുകളിൽ നിന്നും വിശ്രമം അനുവദിക്കുന്നുണ്ട്. അതുപോലെ തന്നെ പതിവാണ് ടീം അംഗങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിക്കുന്നത്. ടീമിൻ്റെ ആകെ സന്തുലനത്തെയും ലോകകപ്പ് തയ്യാറെടുപ്പുകളെയും തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ജോലിഭാരത്തിന്റെ പേരിൽ ചിലർക്ക് മാത്രം സ്ഥിരമായി വിശ്രമം അനുവദിക്കുന്നത്.
ഇനി ഒരു ലോകകപ്പിൽ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയാൽ ഇപ്പോൾ ടീമിൽ കാണുന്ന പലരെയും പിന്നെ ഇന്ത്യൻ കുപ്പായത്തിൽ കാണാനാകില്ല. ബിസിസിഐ ഒരു പുനരാലോചന നടത്തേണ്ട ഒന്നാണ് വിശ്രമം അനുവദിക്കുന്ന കാര്യം. ഗ്രേഡ് എ കരാർ ഉള്ള കളിക്കാർക്കെല്ലാം മികച്ച പ്രതിഫലം കരാറിൽ ഉറപ്പുവരുത്തുന്നുണ്ട്. ഓരോ മത്സരത്തിലും അതിനു പുറമേ പണം ലഭിക്കുന്നുണ്ട്.
നിങ്ങൾക്ക് പറയാൻ പറ്റുമോ ഒരു സ്ഥാപനത്തിലെ സിഇഒക്കോ എംഡിക്കോ ഇത്രയും വിശ്രമം അനുവദിക്കുന്ന ഏതെങ്കിലും ഒരു കമ്പനിയുടെ പേര്. എനിക്ക് പറയാനുള്ളത് ഇന്ത്യൻ താരങ്ങൾ കൂടുതൽ പ്രൊഫഷണൽ ആകണമെന്നാണ്. വിശ്രമം എടുക്കുകയാണെങ്കിൽ കരാർ പ്രകാരമുള്ള തുകയിൽ കുറവ് വരുത്തണം. അല്ലെങ്കിൽ ഇന്ത്യക്കായി കളിക്കാൻ എനിക്ക് കഴിയില്ല എന്ന് നിങ്ങൾക്ക് എങ്ങനെയാണ് പറയാനാകുക.”- അദ്ദേഹം പറഞ്ഞു.