അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരം ചേത്വേശ്വര്‍ പൂജാരക്ക് സ്ഥാനം നഷ്ടമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ രഹാനെ ഒഴികെയുള്ള മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും പൂജാരയെ മാത്രം ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരിക്കുക്കയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.
മത്സരത്തിൽ 14 ഉം 27 ഉം ആയിരുന്നു പൂജാര സ്കോര്‍ ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റിന് ഇനിയും ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാന്‍ പൂജാരയ്ക്ക് കഴിയുമെന്ന് ഇന്ത്യൻ ഇതിഹാസം അഭിപ്രായപ്പെട്ടു.
“അതെ, അവൻ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവൻ ധാരാളം റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അതിനാൽ അത് എന്താണെന്ന് അവനറിയാം. 40 അല്ലെങ്കിൽ 39 വയസ്സ് വരെ കളിക്കാം. കുഴപ്പമൊന്നുമില്ല, കാരണം അവന്‍ വളരെ ഫിറ്റാണ്. നിങ്ങൾ റൺസ് നേടുകയും വിക്കറ്റ് നേടുകയും ചെയ്യുന്നിടത്തോളം, പ്രായം ഒരു ഘടകമാകണമെന്ന് ഞാൻ കരുതുന്നില്ല.
“വ്യക്തമായി, ഒരാൾ മാത്രമാണ് നന്നായി കളിച്ചത്, മറ്റുള്ളവർ പരാജയപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് യൂണിറ്റ് പരാജയപ്പെട്ടു. അജിങ്ക്യ രഹാനെയെ കൂടാതെ, മറ്റാരും യഥാർത്ഥത്തിൽ റൺസ് നേടിയില്ല.”
” പിന്നെ എന്തിനാണ് ചേതേശ്വര് പൂജാരയെ ഒഴിവാക്കിയത്? എന്തുകൊണ്ടാണ് അദ്ദേഹത്തെ നമ്മുടെ ബാറ്റിംഗ് പരാജയങ്ങളുടെ ബലിയാടാക്കുന്നത്? അവനെ ഒഴിവാക്കുന്നതിനും പരാജയപ്പെട്ട മറ്റുള്ളവരെ നിലനിർത്തുന്നതിനുമുള്ള മാനദണ്ഡം എന്താണ്? ” ഗവാസ്കര്‍ ചോദ്യം ഉന്നയിച്ചു.
ഇന്ത്യയിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലും പൂജാര മോശം പ്രകടനമാണ് നടത്തിയത്. ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 140 റൺസ് മാത്രമാണ് താരം നേടിയത്. അതേ സമയം രോഹിത്, കോഹ്‌ലി, ഗിൽ എന്നിവരെല്ലാം പരമ്പരയിൽ സെഞ്ചുറി നേടി.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വെസ്റ്റ് ഇൻഡീസിലെ രണ്ട് ടെസ്റ്റുകളിൽ വിശ്രമം നൽകാമായിരുന്നുവെന്നും സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു. 2023 ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി, അധിക വിശ്രമം സഹായകമാകും എന്നും അദ്ദേഹം ചൂണ്ടാകാട്ടി.