ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിക്കുന്ന പ്രകടനമാണ് ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ ഇന്ത്യൻ യുവനിര കാഴ്ചവെച്ചത്. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീം ഏകദിന പരമ്പര 2-1ന് ജയിച്ചപ്പോൾ ടി :20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യത്തെ മത്സരത്തിലും അനായാസ ജയമാണ് നേടിയത്. ടീമിന് ഒപ്പമുള്ള യുവതാരങ്ങളും അരങ്ങേറ്റ താരങ്ങളും ഏറെ അത്ഭുതപെടുത്തുന്ന ബാറ്റിംങ്ങും ബൗളിങ്ങും പര്യടനത്തിൽ പുറത്തെടുത്തപ്പോൾ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ എല്ലാ മത്സരങ്ങളിലും ഇടം നേടിയ താരമാണ് ഹാർദിക് പാണ്ട്യ. പക്ഷേ കരിയറിലെ ഏറ്റവും മോശമായ പ്രകടനമാണ് ഹാർദിക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി മാറിയ ഹാർദിക് പാണ്ട്യക്ക് ബൗളിങ്ങിലും മികവ് പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന പ്രതീക്ഷയായ ഹാർദിക്കിന്റെ മോശം ഫോമിലുള്ള ആശങ്ക ആരാധകരും ഒപ്പം മുൻ ക്രിക്കറ്റ് താരങ്ങളും ചർച്ചയാക്കി കഴിഞ്ഞു.
എന്നാൽ ഹാർദിക് പാണ്ട്യ വരാനിരിക്കുന്ന മത്സരങ്ങളിൽ സമാനമായ മോശം ഫോം തുടരുകയാണെൽ അദ്ദേഹത്തിന് പകരം താരങ്ങളെ ഇന്ത്യൻ ടീം ഉറപ്പാക്കണമെന്ന് വ്യക്തമായ സൂചന നൽകുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ.ഇന്ത്യൻ ടീമിൽ എക്കാലവും എല്ലാ താരങ്ങൾക്കും ബാക്ക് അപ്പ് ഉറപ്പാക്കിയിരുന്നതായി പറഞ്ഞ സുനിൽ ഗവാസ്ക്കർ ഹാർദിക് പാണ്ട്യ വൈകാതെ തന്റെ കഴിവും ഒപ്പം മികച്ച ഫോമും വീണ്ടെടുക്കുമെന്നുള്ള വിശ്വാസം പ്രകടിപ്പിച്ചു. ഹാർദിക് പാണ്ട്യ നിലവിൽ ടീം ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ് എന്നും അദ്ദേഹം വിശദമാക്കി.
തീർച്ചയായും ഓൾറൗണ്ടർ ഓപ്ഷനിൽ മറ്റൊരു താരത്തെ കണ്ടെത്തുവാനായി ഇന്ത്യൻ ടീമിന് കഴിയും. ഇപ്പോൾ രണ്ടാം ഏകദിനത്തിൽ ദീപക് ചഹാർ ബാറ്റിങ് കരുത്തിനാൽ വിജയം നേടിതന്നത് നാം കണ്ടതാണ്. ഭുവനേശ്വർ കുമാറിന് ഒപ്പം ദീപക് ചഹാർ അത്ഭുത വിജയമാണ് നമുക്ക് സമ്മാനിച്ചത്. എന്നാൽ നിങ്ങൾ എല്ലാവരും ദീപക് ചഹാറിന്റെ ബാറ്റിങ് മികവിനെ കുറിച്ചും ഭാവിയിൽ അദ്ദേഹം ഒരു ഓൾറൗണ്ടറായി മാറുന്നതിനെ എല്ലാം കുറിച്ചും അഭിപ്രായങ്ങൾ പറയുന്നുണ്ട് പക്ഷേ ഞാൻ ഇതിന് മുൻപ് പല തവണ ഇത്തരത്തിൽ ഒരു മിന്നും ഓൾറൗണ്ടറെ സൃഷ്ട്ടിക്കുന്നതിനെ കുറിച്ച് വിശദമായി പറഞ്ഞതാണ് “സുനിൽ ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി.
ഒരു മത്സരത്തിൽ ശ്രീലങ്കൻ ടീമിനെതിരെ ധോണിക്ക് ഒപ്പം മികച്ച പ്രകടനമാണ് ഭുവി അന്ന് കാഴ്ചവെച്ചത്. ഭുവനേശ്വർ കുമാർ എന്നൊരു ഓൾറൗണ്ടറെ കുറിച്ചൊക്കെ നമ്മൾ ഏറെ സംസാരിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ വളർത്തുവാനായി ആരും ഒന്നും ചെയ്തില്ല. ദീപക് ചഹാറിനെയും ഭുവിയെയും നമുക്ക് ഏറെ മികച്ച ബാറ്റിങ് കരുത്തുള്ളവരായി വളർത്തിയെടുക്കാൻ സാധിക്കും “ഗവാസ്ക്കർ തന്റെ നിർദേശം വ്യക്തമാക്കി.