ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. മത്സരത്തിൽ 66 പന്തുകൾ നേരിട്ടെങ്കിലും 23 റൺസ് മാത്രമാണ് ഗിൽ നേടിയത്. മികച്ച ഒരു അവസരം ലഭിച്ചിട്ടും അത് മുതലാക്കാൻ ഗില്ലിന് സാധിച്ചില്ല.
വളരെ ദുർബലമായ ഒരു ഷോട്ട് കളിച്ചായിരുന്നു ഗിൽ മത്സരത്തിൽ കൂടാരം കയറിയത്. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരമായ ടോം ഹാർട്ട്ലി എറിഞ്ഞ ഒരു സ്ലോ ബോളിൽ അനാവശ്യമായ ഒരു ഷോട്ടിന് ശ്രമിക്കുകയായിരുന്നു ഗിൽ. ഒരു വമ്പൻ ഷോട്ട് കളിക്കാനോ പ്രതിരോധിക്കാനോ ശ്രമിക്കാതെ ഒരു ദുർബലമായ ഷോട്ട് ഗിൽ കളിക്കുകയുണ്ടായി.
ഗില്ലിന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് മിഡ്വിക്കറ്റിൽ നിന്ന ഫീൽഡറുടെ കയ്യിലേക്ക് എത്തുകയായിരുന്നു. ഇതോടെ 66 പന്തുകളിൽ 23 റൺസ് നേടിയ ഗിൽ കൂടാരം കയറി. ഗില്ലിന്റെ മത്സരത്തിലെ ഈ മോശം ഷോട്ടിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
ഗില്‍ ഒന്നുകിൽ ആ പന്തിൽ വമ്പൻ ഷോട്ട് കളിക്കാനോ, അല്ലെങ്കിൽ പ്രതിരോധ ഷോട്ട് കളിക്കാനോ തയ്യാറാവണമായിരുന്നു എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. നിർണായക ഘട്ടത്തിൽ ഇത്തരമൊരു മോശം ഷോട്ട് കളിച്ചത് പക്വത ഇല്ലായ്മയാണ് എന്ന് സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു.
കമന്ററി ബോക്സിലൂടെയാണ് സുനിൽ ഗവാസ്കർ ഇക്കാര്യം പറഞ്ഞത്. ” ഈ ഷോട്ടിലൂടെ ശുഭമാൻ ഗിൽ എന്താണ് ഉദ്ദേശിച്ചത്? ഒരുപക്ഷേ ആ പന്തിൽ ഉയർത്തിയടിക്കാനുള്ള ശ്രമമാണ് ഗില്‍ നടത്തിയതെങ്കിൽ അത് എനിക്ക് മനസ്സിലാവും. എന്നാൽ ഇത് വെറും ഒരു ഓൺ ഡ്രൈവായി മാറി. വളരെ നിർണായകമായ ഒരു സാഹചര്യത്തിൽ ഇന്ത്യ നിൽക്കുമ്പോഴാണ് ഇത്തരം ഒരു മോശം ഷോട്ട് ഗിൽ കളിച്ചത്. “- സുനിൽ ഗവാസ്കർ പറഞ്ഞു.
ഗില്‍ മത്സരത്തിൽ വളരെ മോശം പ്രകടനം പുറത്തെടുത്തെങ്കിലും, ഇന്ത്യയ്ക്കായി മറ്റു ബാറ്റർമാർ മികവ് പുലർത്തുകയുണ്ടായി. ഓപ്പണർ ജയസ്വാൾ മത്സരത്തിൽ 74 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 80 റൺസ് സ്വന്തമാക്കി. ഒപ്പം നാലാമനായി ക്രീസിലെത്തിയ കെഎൽ രാഹുൽ 123 പന്തുകളിൽ 86 റൺസ് മത്സരത്തിൽ നേടി.
ജഡേജ മത്സരത്തിൽ 81 റൺസുമായി പുറത്താവാതെ നിൽക്കുന്നു. ഈ മൂന്നു പേരുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ രണ്ടാം ദിവസം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 421 എന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോർ അനായാസം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 175 റൺസിന്റെ വമ്പൻ ലീഡ് മത്സരത്തിൽ ഇന്ത്യ കണ്ടെത്തി കഴിഞ്ഞു.