ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പരാജയത്തിനുശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ രംഗത്ത് വന്ന് മുൻ താരം സുനിൽ ഗവാസ്കർ. രോഹിതിന് ടീമിനോടുള്ള ആത്മാർത്ഥത കുറവിനെയാണ് സുനിൽ ഗവാസ്കർ വിമർശിച്ചത്. രോഹിത് ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും കളിക്കാൻ തയ്യാറാവണമെന്നും, എല്ലാ മത്സരങ്ങളിലും കളിക്കാത്ത ഒരു നായകനെ ഇന്ത്യൻ ടീമിന് ആവശ്യമില്ലെന്നും സുനിൽ ഗവാസ്കർ പറയുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തന്റെ ഭാര്യ-സഹോദരന്റെ വിവാഹം പ്രമാണിച്ച് രോഹിത് ശർമ കളിച്ചിരുന്നില്ല. അതിനാൽതന്നെ ഹർദിക്ക് പാണ്ട്യയായിരുന്നു ആദ്യമത്സരത്തിൽ ഇന്ത്യയെ നയിച്ചത്. ഇങ്ങനെയുള്ള രോഹിത്തിന്റെ മാറിനിൽക്കലിനെതിരെയാണ് സുനിൽ ഗവാസ്ക്കറുടെ വിമർശനം.

അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് രോഹിതിന് കുടുംബപരമായ പ്രതിസന്ധികൾ മൂലം മാറിനിൽക്കാനാവുക എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ഒരു മത്സരത്തിന് ഒരു ക്യാപ്റ്റനും, ബാക്കി മത്സരത്തിനു വേറൊരു ക്യാപ്റ്റനും എന്നത് അംഗീകരിക്കാനാവില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ കുടുംബ പ്രതിസന്ധി മുൻപിലേക്ക് വരരുത്. അടിയന്തരമായ സാഹചര്യങ്ങൾ ഉണ്ടാകാത്തപക്ഷം ഇത്തരത്തിൽ രോഹിത് ലീവ് എടുത്ത് പുറത്ത് പോകാൻ പാടില്ല. അടിയന്തരാവസ്ഥ എന്നാൽ ഇതല്ല. അത് തികച്ചും വ്യത്യസ്തമായ ഒന്ന് തന്നെയാണ്.”- സുനിൽ ഗവാസ്കർ പറയുന്നു.

കഴിഞ്ഞ സമയങ്ങളിലൊക്കെയും രോഹിത് പലതവണയായി വിശ്രമമെടുക്കുകയും കുടുംബ പ്രശ്നങ്ങൾ മൂലം മാറി നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയെ പലപ്പോഴും ബാധിക്കുകയുമുണ്ടായി. 2022ലെ മിക്കവാറും മത്സരങ്ങളിലും രോഹിത് നായക സ്ഥാനത്തുനിന്ന് മാറിനിന്നത് ആരാധകരെയടക്കം ചൊടിപ്പിച്ചിരുന്നു. ലോകകപ്പിന് മുൻപായി സന്തുലിതമായ ഒരു ഇലവൻ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ. ഈ അവസരത്തിലെങ്കിലും രോഹിത് ടീമിൽ തുടർച്ചയായി കളിക്കേണ്ടത് ആവശ്യമാണ്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ 2-1 നായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം കാണാൻ സാധിച്ചില്ലെങ്കിലും പിന്നീട് വന്ന രണ്ടു മത്സരങ്ങളിലും വളരെ മോശം പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ഇന്ത്യൻ ബാറ്റിഗ് നിരയുടെ തകർച്ച തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ രോഹിതടക്കമുള്ള ബാറ്റർമാർ സ്ഥിരത കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായി മാറിയിട്ടുണ്ട്.