ഗംഭീറിന്റെ മണ്ടൻ തീരുമാനം. അവന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റിയത് എന്തിന്? ചോദ്യം ചെയ്ത് കാർത്തിക്.

ഇന്ത്യയുടെ ഹെഡ്കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയെ മൂന്നാം നമ്പറിൽ ഇറക്കിയ ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് കാർത്തിക് രംഗത്ത് വന്നത്

ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിയ്ക്ക് ഏറ്റവും യോജിച്ചത് നാലാം നമ്പർ സ്ഥാനമാണെന്നും, ഇത് അറിഞ്ഞുകൊണ്ടു തന്നെ എന്തിനാണ് ഇത്തരമൊരു പരാക്രമത്തിന് ഗംഭീർ മുതിരുന്നത് എന്നും ദിനേഷശ് കാർത്തിക് ചോദിക്കുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി വിരാട് കോഹ്ലി പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു.

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ രാഹുലാണ് കളിക്കേണ്ടത് എന്ന് ദിനേശ് കാർത്തിക് പറയുന്നു. ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ദിനേശ് കാർത്തിക് സംസാരിച്ചത്. “ഞാൻ വിരാട് കോഹ്ലിയെ സംരക്ഷിക്കുകയല്ല ചെയ്യുന്നത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. അവന്റെ സാങ്കേതിക തികവും, ബാറ്റിംഗ് പ്രതിഭയും വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു താരത്തിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിലാണ് കോഹ്ലി എത്താറുള്ളത്. ട്വന്റി20യിലെ ഓപ്പണറായി എത്തുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ എല്ലായിപ്പോഴും കോഹ്ലിയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം നാലാം നമ്പർ തന്നെയാണ്.”- ദിനേശ് കാർത്തിക് പറയുന്നു.

“ഇത്തരത്തിൽ ഒരു പൊസിഷൻ മാറ്റത്തെപ്പറ്റി വിരാട് കോഹ്ലിയോട് സംസാരിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും. ‘ഞാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യാം. കാരണം രാഹുലും സർഫറാസ് ഖാനുമൊക്കെ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാനുണ്ടല്ലോ’. എന്നാൽ ഇത്തരമൊരു സംഭാഷണം വന്നാൽ അന്തിമ തീരുമാനം പരിശീലകനിലേക്ക് പോവും. ഗംഭീറിന്റെ തീരുമാനങ്ങളെ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ കോഹ്ലിയെ മൂന്നാം നമ്പറിൽ ഇറക്കാമെന്നുള്ളത് ഒരു മികച്ച തീരുമാനമായി ഞാൻ കരുതുന്നില്ല. രാഹുലാണ് മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യേണ്ടത് എന്ന് എനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ട്.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ക്രീസിലെത്തിയ കോഹ്ലി 102 പന്തുകൾ നേരിട്ട് 70 റൺസ് സ്വന്തമാക്കി.

8 ബൗണ്ടറികളും ഒരു സിക്സറുമാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കാൻ കേവലം ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കോഹ്ലി പുറത്തായത്. എന്നിരുന്നാലും ഇന്ത്യയെ വലിയ ദുരന്തത്തിൽ നിന്ന് കൈപിടിച്ചു കയറ്റാൻ കോഹ്ലിയ്ക്ക് സാധിച്ചു.

Previous articleആ ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തു. ഒരു ക്യാപ്റ്റൻ ഇങ്ങനെ വേണം. രോഹിതിനെ പ്രശംസിച്ച് ലക്ഷ്മൺ.
Next articleഇന്ത്യയെ അഞ്ചാം ദിവസം മഴ രക്ഷിക്കുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ.