ഇംഗ്ലണ്ടിനെതിരെ പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 416 റണ്‍സിനു എല്ലാവരും പുറത്തായി. 338 ന് 7 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ജഡേജ സെഞ്ചുറി കണ്ടെത്തി. 194 പന്തില്‍ 104 റണ്‍സാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. പിന്നാലെ മുഹമ്മദ് ഷാമിയും (16) മടങ്ങി. പിന്നീടായിരുന്നു ജസ്പ്രീത് ബുംറയുടെ വിളയാട്ടം. ഈ മത്സരത്തിലെ ക്യാപ്റ്റന്‍ കൂടിയാണ് ജസ്പ്രീത് ബുംറ
പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ജസ്പ്രീത് ബുംറയുടെ വക ബാറ്റിംഗ് വിരുന്നും എഡ്ജ്ബാസ്റ്റണില്‍ ഉണ്ടായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84ാം ഓവറില്‍ 35 റണ്‍സാണ് പിറന്നത്. നോബോളും വൈഡുകളും എറിഞ്ഞ് സഹായിച്ചതിനു പിന്നാലെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബാറ്റിംഗും ലോക റെക്കോഡിലേക്കെത്തിച്ചു.
ഇതിനു മുന്‍പ് ടെസ്റ്റിൽ ഒറ്റ ഓവറില്‍ 28 റണ്‍സ് പിറന്നതാണ് ഏറ്റവും ഉയര്‍ന്ന റെക്കോഡ്. അത് നേടിയതാകട്ടെ ബ്രയാന്‍ ലാറ, ജോര്‍ജ്ജ് ബെയ്ലി, കേശവ് മഹാരാജ് എന്നിവര്‍. 4,4Wd,6Nb,4,4,4,6,1 എന്നിങ്ങനെയാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ഓവര്‍ പൂര്‍ത്തിയാക്കിയത്. 16 പന്തില്‍ 4 ഫോറും 2 സിക്സുമായി ജസ്പ്രീത് ബുംറ പുറത്താകതെ നിന്നു.
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വഴങ്ങിയതും സ്റ്റുവര്‍ട്ട് ബ്രോഡാണ്. അന്ന് യുവരാജാണ് ഒരോവറില്‍ ആറ് സിക്സിനു ബ്രോഡിനെ പറത്തിയത്.