രാജ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു. കര്‍ണാടക താരമായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കു വേണ്ടി 6 ടെസ്റ്റ്, 14 ഏകദിനവും 3 ടി20യും കളിച്ചു. 2015 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഭാഗമായെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ലാ.
ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്ര താളുകളില്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ പേര് എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 2014 ല്‍ നോട്ടിംഗ്ഹാം ടെസ്റ്റിലാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 118 പന്തില്‍ 78 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനെതിരെ 4 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയത് ഇപ്പോഴും ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ടീം ഇന്ത്യയുമായുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഈ ഓള്‍റൗണ്ടര്‍. മഹേന്ദ്ര സിങ്ങ് ധോണിയില്‍ നിന്നും ടെസ്റ്റ് ക്യാപ് സ്വീകരിക്കുന്നത് ജീവിതകാലം മുഴുവന്‍ വിലമതിക്കുന്ന നിമിഷമാണ് എന്നാണ് സ്‌റ്റുവര്‍ട്ട് ബിന്നി വിശേഷിപ്പിച്ചത്. ” നോട്ടിംഗ്ഹാമില്‍ വച്ച് ധോണി ടെസ്‌റ്റ് ക്യാപ് നല്‍കിയതാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുള്ള ഏറ്റവും മികച്ച നിമിഷം ” മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
” ഞാൻ ഈ അവസരം അർഹിച്ചിരുന്നുവെന്നും രഞ്ജി ട്രോഫിയിൽ ഞാൻ മൂന്ന് നാല് സീസണുകളിൽ സ്ഥിരമായി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം [എംഎസ് ധോണി] എന്നോട് പറഞ്ഞു. വ്യക്തമായും, രഞ്ജി ട്രോഫിയിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയുമെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റിലും എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് വിശ്വസിക്കുക മാത്രമാണ് ചെയ്യേണ്ടത്. എനിക്ക് ഇന്ത്യൻ ടീമിന്റെ പൂർണ പിന്തുണയുണ്ടെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി ” സ്റ്റുവര്‍ട്ട് ബിന്നി കൂട്ടിചേര്‍ത്തു.
രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ച ഓള്‍റൗണ്ടര്‍ക്ക് പിന്നീട് കാര്യമായി ശോഭിക്കാനായില്ലാ. ടെസ്റ്റ് ക്രിക്കറ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിന ക്രിക്കറ്റില്‍ 230 റണ്‍സും 20 വിക്കറ്റുമായി ബിന്നിയുടെ കരിയര്‍ അവസാനിച്ചു.