ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് നിർണായകമായ മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ നായകൻ രവി ശാസ്ത്രി. മത്സരത്തിലെ ഓസ്ട്രേലിയയുടെ നായകൻ സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്ക് തലവേദനയായി മാറുമെന്നാണ് രവി ശാസ്ത്രി പറയുന്നത്. നായകനായി കളിക്കുമ്പോഴുള്ള സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് റെക്കോർഡുകളുടെ അടിസ്ഥാനത്തിലാണ് രവി ശാസ്ത്രിയുടെ മുന്നറിയിപ്പ്. ടീമിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം സ്റ്റീവ് സ്മിത്തിനെ കൂടുതൽ അപകടകാരിയാക്കി മാറ്റുമെന്നാണ് രവി ശാസ്ത്രി കരുതുന്നത്.
” സ്മിത്തിനെ നായകനാക്കിയതോടെ വലിയൊരു തീരുമാനമാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. അത് അവർക്ക് ഗുണം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ടീമിന്റെ നായകനായി ഇറങ്ങിയ സമയത്തൊക്കെയും സ്മിത്ത് വ്യത്യസ്തനായ ഒരു ബാറ്ററായിയാണ് കളിച്ചിട്ടുള്ളത്. ആ സമയത്ത് അയാൾ കൂടുതൽ മികച്ച ബാറ്ററായി മാറാറുണ്ട്. നായകത്വം എന്ന ഉത്തരവാദിത്വം അയാളുടെ മാനസികാവസ്ഥ കൂടുതൽ മികച്ചതാക്കും. “- രവി ശാസ്ത്രി പറഞ്ഞു.
“നായകനായിരിക്കുമ്പോൾ സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി വളരെ ഉയർന്ന നിലയിലാണ്. അയാളുടെ ഏകാഗ്രതയും മികച്ചതായി മാറുന്നു. ജോലിഭാരം കൂടുമ്പോൾ മികച്ച പ്രകടനം നടത്തുന്ന ക്രിക്കറ്റർമാരിൽ ഒരാളാണ് സ്മിത്ത്. ഇന്ത്യ സ്റ്റീവ് സ്മിത്തിനെ സൂക്ഷിക്കേണ്ടതുണ്ട്. നാഗ്പൂർ ടെസ്റ്റിൽ അയാൾ തന്റെ മികച്ച ഫോമിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ ഡൽഹിയിൽ അശ്വിൻ സ്മിത്തിനെ രണ്ട് ഇന്നിങ്സിലും കൂടാരം കയറ്റി. സ്മിത്തിന്റെ കഴിവുള്ള ഒരു ബാറ്റർക്ക് തന്റെ പിഴവുകൾ കണ്ടെത്തി തിരികെവരാൻ അനായാസം സാധിക്കും. അതിനാൽ ഇന്ത്യ കരുതിയിരിക്കണം.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
നായകൻ എന്ന നിലയിൽ ഇന്ത്യൻ സാഹചര്യത്തിൽ സ്റ്റീവ് സ്മിത്ത് മികവു കാട്ടുമെന്നാണ് രവി ശാസ്ത്രി പറയുന്നത്. ഇന്ത്യൻ സാഹചര്യം കമ്മീൻസിനേക്കാൾ നന്നായി മനസ്സിലാക്കാൻ സ്മിത്തിന് സാധിക്കുമെന്നും, ഐപിഎൽ അയാളെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.