അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു പല ബാറ്റർമാർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്ത റെക്കോർഡുകൾ സ്വന്തമാക്കിയ ഇന്ത്യൻ ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. തന്റെ അരങ്ങേറ്റം മുതൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ച് മൈതാനത്ത് എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കാൻ സച്ചിന് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ സച്ചിന്റെ പല നേട്ടങ്ങളും മറ്റാർക്കും മറികടക്കാൻ സാധിക്കാത്തതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 200 മത്സരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ കളിച്ചത്. ഇതിൽ നിന്ന് 15,921 റൺസ് സ്വന്തമാക്കാൻ സച്ചിന് കഴിഞ്ഞു. എന്നാൽ സച്ചിന്റെ ഈ റെക്കോർഡിന് കുറച്ചെങ്കിലും അടുത്തെത്താൻ സാധിച്ച ഒരു താരം ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടാണ്. ഇതുവരെ തന്റെ ടെസ്റ്റ് കരിയറിൽ 12,578 റൺസ് റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 35 ടെസ്റ്റ് ടെസ്റ്റ് സെഞ്ച്വറികൾക്ക് ശേഷമുള്ള സച്ചിന്റെയും റൂട്ടിന്റെയും റെക്കോർഡുകൾ പരിശോധിക്കാം.
സച്ചിൻ തന്റെ ടെസ്റ്റ് കരിയറിലെ 35ആം സെഞ്ച്വറി സ്വന്തമാക്കിയത് 2005 ഡിസംബറിൽ ആയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് സച്ചിൻ 35 സെഞ്ച്വറി നേടിയത്. റൂട്ട് പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2024 ഒക്ടോബറിലാണ് റൂട്ടിന്റെ 35ആം സെഞ്ച്വറി പിറന്നിരിക്കുന്നത്. മാത്രമല്ല 147 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് റൂട്ട് തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. അതേസമയം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർക്ക് തന്റെ 35 ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കാൻ കേവലം 125 മത്സരങ്ങൾ മാത്രമാണ് വേണ്ടിവന്നത്.
തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുന്ന സമയത്ത് റൂട്ട് നേടിയിട്ടുള്ളത് 12,578 റൺസാണ്. അതേസമയം സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുമ്പോൾ 10,281 ടെസ്റ്റ് റൺസാണ് തന്റെ പേരിൽ ചേർത്തിരുന്നത്. ഇത് കാണിക്കുന്നത് ചെറിയ സ്കോറുകളെ സെഞ്ച്വറിയാക്കി മാറ്റാനുള്ള സച്ചിന്റെ അപാരമായ കഴിവിനെ തന്നെയാണ്.
തന്റെ 35ആം സെഞ്ച്വറി സ്വന്തമാക്കുന്ന സമയത്ത് റൂട്ടിന്റെ ടെസ്റ്റ് ശരാശരി 51.33 റൺസാണ്. അതേസമയം റൂട്ടിനേക്കാൾ ഉയർന്ന ശരാശരിയിലാണ് സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 57.1 എന്ന ശരാശരിയിലായിരുന്നു സച്ചിന്റെ നേട്ടം.
ഈ കണക്കുകൾ പ്രകാരം റൂട്ടിനേക്കാൾ ഒരുപാട് മുകളിലാണ് സച്ചിന്റെ ടെസ്റ്റിലെ റെക്കോർഡുകൾ. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ റൂട്ടിന്റെ പ്രകടനത്തെ വില കുറച്ചു കാണാൻ സാധിക്കില്ല. സ്ഥിരതയുള്ള പ്രകടനങ്ങൾ ലോകത്താകമാനം പുറത്തെടുത്താണ് റൂട്ട് സച്ചിന്റെ റെക്കോർഡിലേക്ക് കുതിക്കുന്നത്. ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡിൽ സച്ചിനെ മറികടക്കാൻ റൂട്ടിന് സാധിക്കും എന്ന വിശ്വാസത്തിലാണ് മുൻ താരങ്ങൾ ഒക്കെയും.