30 വര്‍ഷത്തിനു ശേഷം ഇതാദ്യം. ആദ്യ മത്സരം തോറ്റ്, തുടര്‍ച്ചയായ മൂന്നു വിജയം നേടി ശ്രീലങ്കക്ക് പരമ്പര വിജയം

ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയെ 4 റണ്‍സിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക വിജയം നേടിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 254 റണ്‍സിനു പുറത്തായി. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്നു. ആദ്യ മത്സരം തോറ്റ ശ്രീലങ്ക, തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക, സ്വന്തം മണ്ണില്‍ പരമ്പര വിജയം നേടുന്നത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന മിച്ചല്‍ മാര്‍ഷും (26) ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയയെ 50 കടത്തി. മാര്‍നസ് ലംമ്പുഷെയ്ന്‍ (14) അലക്സ് കെയ്റി (19) എന്നിവര്‍ക്ക് തിളങ്ങാനായില്ലാ. 131 ന് 4 എന്ന നിലയില്‍ വീണ ഓസ്ട്രേലിയയെ ട്രാവിസ് ഹെഡും (33 പന്തില്‍ 27) ഡേവിഡ് വാര്‍ണറും ഒരുമിച്ച് കൂടിയ 58 റണ്‍സ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ 189 ല്‍ എത്തിച്ചു.

FVyuRTsXEAMPzk1

ട്രാവിസ് ഹെഡിനെ ധനജയ ഡീസില്‍വ ബൗള്‍ഡാക്കിയപ്പോള്‍ അടുത്ത ഓവറില്‍ ഒരു റണ്‍ നേടിയ അപകടകാരിയായ മാക്സ്വെല്ലിനെ തീക്ഷണ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഒരുവശത്ത് വിക്കറ്റ് കാത്തു സൂക്ഷിച്ച ഡേവിഡ് വാര്‍ണറിനു അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി.

341350

99 റണ്‍സില്‍ നില്‍ക്കേ ധനജയ ഡീസില്‍വയുടെ പന്തില്‍ സ്റ്റംപ് ചെയ്താണ് താരത്തിനു മടങ്ങേണ്ടി വന്നത്. 112 പന്തില്‍ 12 ഫോര്‍ സഹിതമാണ് വാര്‍ണറുടെ ഇന്നിംഗ്സ്‌. അവസാന നിമിഷം പാറ്റ് കമ്മിന്‍സ് (43 പന്തില്‍ 35) പോരാട്ടം നടത്തിയെങ്കിലും വിജയം അകന്നു നിന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 19 റണ്‍ വേണമെന്നിരിക്കെ 3 ഫോര്‍ നേടി കൂഹെന്മന്‍ വിജയലക്ഷ്യം ഒരു പന്തില്‍ 5 എന്ന നിലയിലാക്കി. എന്നാല്‍ അവസാന പന്തില്‍ ഷനകയുടെ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ക്യാച്ചില്‍ മാത്രമായി ഒതുങ്ങി.ശ്രീലങ്കക്കായി കരുണരത്ന, ധനജയ ഡീസില്‍വ, വാന്‍ഡര്‍സേ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വലേഗ, ഹസരങ്ക, തീക്ഷണ, ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

FVx1fPjX0AAPWs0 1

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗനയക്കപ്പെട്ട ശ്രീലങ്ക 49 ഓവറില്‍ 258 റണ്‍സില്‍ എല്ലാവരും പുറത്തായി. 34 ന് 3 എന്ന നിലയില്‍ നിന്നും ചരിത് അസലങ്കയുടെ കന്നി സെഞ്ചുറിയും ധനഞ്ജയ ഡീ സില്‍വയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്‌.

ഡിക്വെല്ലാ (1) കുശാല്‍ മെന്‍ഡിസ് (14) നിസങ്ക (13) എന്നിവര്‍ തുടക്കത്തിലേ പുറത്തായതോടെ ശ്രീലങ്ക വന്‍ തകര്‍ച്ചയാണ് നേരിട്ടത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസലങ്കയും – ഡീ സില്‍വയുടേയും സെഞ്ചുറി കൂട്ടുകെട്ടാണ് ശ്രീലങ്കയെ നയിച്ചത്. ഇരുവരും ചേര്‍ന്ന് 101 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അര്‍ദ്ധസെഞ്ചുറി നേടിയ ഡീ സില്‍വയെ (61 പന്തില്‍ 60) പുറത്താക്കി മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

Asalanka

പിന്നീടെത്തിയ ഷനകക്ക് (4) കാര്യമായി ഒനും ചെയ്യാന്‍ കഴിഞ്ഞില്ലാ. ലോവര്‍ ഓഡറില്‍ വലേഗയെ കൂട്ടുപിടിച്ചാണ് അസലങ്ക തന്‍റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയത്. 36ാം പന്തിലാണ് ഈ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി അസലങ്ക അടിച്ചത്. അര്‍ദ്ധസെഞ്ചുറിയിലെത്താന്‍ 60 ബോള്‍ വേണ്ടി വന്നപ്പോള്‍ പിന്നീട് സെഞ്ചുറിയിലെത്താന്‍ വേണ്ടി വന്നത് 39 ബോള്‍ മാത്രം.

341337

മത്സരത്തില്‍ 106 പന്തില്‍ 10 ഫോറും 1 സിക്സും അടക്കം 110 റണ്‍സ് നേടി. വാലറ്റത്ത് കൂട്ടുപിടിച്ച് ഹസരങ്ക (20 പന്തില്‍ 21) റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ റണ്ണൗട്ടുകള്‍, ഒരോവര്‍ മുന്‍പേ ശ്രീലങ്കന്‍ ഇന്നിംഗ്സിനു അവസാനമായി.