ശ്രീലങ്കക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 6 വിക്കറ്റിന്‍റെ വിജയമാണ് ശ്രീലങ്ക നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം നിസ്സങ്കയുടെ സെഞ്ചുറിയുടേയും കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ദ്ധസെഞ്ചുറി കരുത്തിലും വിജയം നേടിയെടുത്തു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കകായി മികച്ച തുടക്കമാണ് നിരോഷന്‍ ഡിക്വെല്ലാ (26 പന്തില്‍ 25) നല്‍കിയത്. മാക്സ്വെല്ലിന്‍റെ പന്തിലാണ് പുറത്തായത്. പിന്നീട് നിസ്സങ്കയോടാപ്പം ഒത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 170 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
38ാം ഓവറില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് കുശാല്‍ മെന്‍ഡിസ് പുറത്തായത്. 87 പന്തില്‍ 8 ഫോറടക്കം 85 റണ്‍സ് നേടി ശ്രീലങ്കയെ 200 റണ്‍സ് കടത്തിയിരുന്നു. പിന്നീട് എത്തിയ ഡീസില്‍വ 17 പന്തില്‍ 25 റണ്‍സുമായി സ്കോറിങ്ങ് അതിവേഗം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഹേസല്‍വുഡ് പുറത്താക്കി.
അതിനിടെ മറുവശത്ത് നിസ്സങ്ക തന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചുറി നേടി. ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് പുറത്തായത്. 147 പന്തില്‍ 11 ഫോറും 2 സിക്സും അടക്കം 137 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് പുറത്താക്കിയത്. ആ ഓവറില്‍ തന്നെ ദാസുന്‍ ഷനകയും (0) മടങ്ങി. അസലങ്ക (13) കരുണരത്ന (0) എന്നിവര്‍ പുറത്താകതെ നിന്നു
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. ജെഫ്രി വാന്‍ഡര്‍സേ 3 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അര്‍ദ്ധസെഞ്ചുറിയുമായി ട്രാവിസ് ഹെഡും നായകന്‍ ആരോണ്‍ ഫിഞ്ചുമാണ് തിളങ്ങിയത്. മൂന്നാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (9) ചമീര മടക്കി ശ്രീലങ്കക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മിച്ചല്‍ മാര്‍ഷ് (23 പന്തില്‍ 10) റണ്‍സ് നേടാന്‍ കഷ്പ്പെട്ടപ്പോള്‍, ഓള്‍റൗണ്ടറുടെ വിക്കറ്റ് നേടിയത് 19 കാരന്‍ വെല്ലലഗേയായിരുന്നു.
ആരോണ്‍ ഫിഞ്ചും (85 പന്തില്‍ 62) മാര്‍നസ് ലംബുഷെയ്നും (36 പന്തില്‍ 29) ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജെഫ്രെ വാന്‍ഡര്‍സേയുടെ രണ്ട് വിക്കറ്റുകള്‍ 121 ന് 4 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണു.
പിന്നീട് അലക്സ് കെയ്റിയും (52 പന്തില്‍ 49) ട്രാവിസ് ഹെഡും (65 പന്തില്‍ 70) ചേര്‍ന്ന് ശ്രദ്ധാപൂര്‍വ്വം ഓസ്ട്രേലിയയെ മുന്‍പോട്ട് നയിച്ചു. അവസാനം വരെ കളി തുടര്‍ന്ന ട്രാവിസ് ഹെഡിന്‍റെ ബാറ്റില്‍ നിന്നും 3 വീതം ഫോറും സിക്സും പിറന്നു. അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്ലും (18 പന്തില്‍ 33) കാമറൂണ്‍ ഗ്രീനും (12 പന്തില്‍ 15) മികച്ച സംഭാവന നല്‍കി. അവസാന 10 ഓവറില്‍ 98 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.