ക്രിക്കറ്റ് ആരാധകരെ എല്ലാം വളരെ ഏറെ നിരാശരാക്കിയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ്. ശ്രീശാന്ത് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാമെന്നുള്ള ആ ആഗ്രഹം കൂടി അവസാനിപ്പിച്ചാണ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ശ്രീ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ കുപ്പായം അണിഞ്ഞ ശ്രീശാന്ത് വിദേശത്ത് അടക്കം ഇന്ത്യൻ ടീമിന്റെ സ്റ്റാർ ബൗളറായിരുന്നു.
പിന്നീട് 2013ലെ ഐപിൽ സീസണിൽ കളിക്കവേ ഒത്തുകളി ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അടക്കം നേരിട്ട ശ്രീശാന്ത് കടുത്ത നിയമപോരാട്ടങ്ങൾക്ക് ശേഷം കേരള ക്രിക്കറ്റ് ടീമിലേക്ക് അടക്കം തിരികെ എത്തിയത്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിക്കിടയിൽ പരിക്കേറ്റ ശ്രീശാന്ത് വിരമിക്കലിനും ഒപ്പം തന്റെ ഭാവി പ്ലാനുകൾ വിശദമാക്കുകയാണ് ഇപ്പോൾ.
ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ശ്രീ ആരാധകർക്കായി ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. കരിയറിൽ തന്നെ എല്ലാ അർഥത്തിലും സഹായിച്ചവർക്ക് അടക്കം നന്ദി പറഞ്ഞ താരം ബിസിസിഐയുടെ അനുമതി ലഭിച്ചാൽ ഭാവിയിൽ വിദേശ ക്രിക്കറ്റ് ടൂർണമെന്റുകൾ ഭാഗമായി കളിക്കാൻ കഴിയുമെന്നും വിശ്വാസം പ്രകടിപ്പിച്ചു. “കരിയറിൽ എന്നെ വളരെ അധികം സഹായിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള എന്റെ തിരിച്ചുവരവിന് സഹായിച്ചവർക്ക് വളരെയധികം നന്ദി അറിയിക്കുന്നു.ഞാൻ എല്ലാതരം ക്രിക്കറ്റിൽ നിന്നും ഇപ്പോൾ വിരമിക്കുകയാണ്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കൂടി ലഭിച്ചാൽ എനിക്ക് ഉറപ്പുണ്ട് വിദേശത്തെ ടി :20 ടൂർണമെന്റുകളിൽ കളിക്കാൻ സാധിക്കുമെന്നത് “ശ്രീ പറഞ്ഞു
അതേസമയം യുവാക്കളെ ക്രിക്കറ്റിൽ മികവോടെ സഹായിക്കാനുള്ള പരിശീലന സജ്ജീകരണത്തിന്റെ ഭാഗമാകാൻ കൂടി താൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീശാന്ത് ഭാവിയിൽ പരിശീലകന്റെ റോളിൽ എത്തിയേക്കുമെന്നുള്ള സൂചന നൽകി. ഇന്ത്യൻ ടീമിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഭാഗമായ ശ്രീശാന്ത് രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. ഇത്തവണത്തെ മെഗാ താരലേലത്തിൽ പക്ഷേ താരത്തെ ആരും തന്നെ വിളിച്ചെടുത്തിരുന്നില്ല.