വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഒരിക്കൽ കൂടി ബൗളിംഗ് ഹീറോയായി ശ്രീശാന്ത് . ശ്രീശാന്ത് 4 വിക്കറ്റ് പ്രകടനത്തോടെ ആഞ്ഞടിച്ചപ്പോൾ ബീഹാർ കേരളത്തിനെതിരായ മത്സരത്തിൽ 148 റൺസിൽ പുറത്ത് .
40.2 ഓവർ മാത്രം പിടിച്ചുനിന്ന ബീഹാർ ബാറ്റിങ്ങിനെ തകർത്തത് 9 ഓവറിൽ 30 റൺ മാത്രം വഴങ്ങി 4 വിക്കറ്റുകൾ എടുത്ത ശ്രീശാന്തിന്റെ ബൗളിംഗാണ് .
ഇതോടെ ഇക്കൊല്ലത്തെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ശ്രീശാന്ത് 13 വിക്കറ്റുകൾ നേടി ഒന്നാമതെത്തി .
ടോസ് നേടിയ കേരള ടീം നായകൻ സച്ചിൻ ബേബി ബൗളിംഗ് തിരഞ്ഞെടുത്തു . നായകന്റെ തീരുമാനം നൂറ് ശതമാനം ശരിവെക്കുന്ന വിധമാണ് കേരള ബൗളിംഗ് ആരംഭിച്ചത് .തന്റെ ആദ്യ ഓവറിൽ തന്നെ ബീഹാർ ഓപ്പണർ മംഗൽ മഹ്‌റൂർ വിക്കറ്റിന് മുന്നിൽ കുരുക്കിയ ശ്രീശാന്ത് കേരളത്തിന് സ്വപ്നതുല്യ തുടക്കം സമ്മാനിച്ചു. ശേഷം ഓവറിലെ അഞ്ചാം പന്തിൽ തന്നെ മറ്റൊരു ഓപ്പണർ ഗനിയെ ക്ലീൻ ബൗൾഡ് ആക്കിയ ശ്രീശാന്ത് ബീഹാറിന് ഇരട്ട പ്രഹരമേല്പിച്ചു .
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ ബീഹാറിന് മുന്നക്ക സ്കോർ കടക്കുവാൻ സഹായിച്ചത് നാലാമനായി ക്രീസിലെത്തിയ ബാബുൽ കുമാറിന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് .താരം 89 പന്തിൽ 64 റൺസ് അടിച്ചെടുത്തു .
കേരളത്തിനായി ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ , ബൗളിംഗ് ഓപ്പൺ ചെയ്ത ജലജ് സക്സേന 3 വിക്കറ്റും നിധീഷ് 2 വിക്കറ്റും അക്ഷയ് ചന്ദ്രൻ 1 വിക്കറ്റും നേടി .ബീഹാർ ബാറ്റിംഗ് നിരയിൽ ഷാബിർ ഖാൻ (17*),വികാഷ് രംഗൻ (10) എന്നിവർ അൽപ്പമെങ്കിലും പോരാടി .നേരത്തെ കർണാടകയോട് അവസാന മത്സരം തോറ്റ കേരളത്തിന് ഈ മത്സരം ജയിക്കേണ്ടത് ഏറെ ആവശ്യമാണ് .