“ശ്രീശാന്ത് കേരള താരങ്ങളെ സംരക്ഷിക്കാൻ വരണ്ട, ഇപ്പോളും ഒത്തുകളിയിൽ നിന്ന് വിമുക്തനായിട്ടില്ല “- കെസിഎ.


മലയാളി താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ വിജയ് ഹസാരെ ട്രോഫിയിൽ കളിപ്പിക്കാത്തതിനെതിരെ വലിയ രീതിയിലുള്ള വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതുമൂലമാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം നഷ്ടമായത് എന്ന പ്രസ്താവനകളും ചിലർ പുറത്തു കൊണ്ടുവന്നു. ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് സഞ്ജുവിനെ പിന്തുണയ്ക്കുകയും, ഇതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിനെതിരെ രംഗത്ത് വരികയും ചെയ്തു.

കേരള ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ താരങ്ങളെ ദേശീയ ടീമിലെത്താൻ സഹായിക്കുന്നില്ലെന്നും, അതിനാൽ താൻ ഈ താരങ്ങൾക്കൊപ്പം തുടരുമെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്.

എന്നാൽ ശ്രീശാന്ത് ഇതുവരെയും ഒത്തുകളിയിൽ നിന്ന് വിമുക്തനായിട്ടില്ല എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ തിരിച്ചടിക്കുകയുണ്ടായി. കേരളത്തിന്റെ കളിക്കാരെ ശ്രീശാന്ത് സംരക്ഷിക്കേണ്ട കാര്യമില്ല എന്നാണ് കെസിഎ തുറന്നു പറഞ്ഞിരിക്കുന്നത്. സംഘടനയെ പറ്റി ശ്രീശാന്ത് പറഞ്ഞതൊക്കെയും തെറ്റായ വാർത്തകളാണ് എന്ന് കെസിഎ പറയുന്നു. അതുകൊണ്ട് മാത്രമാണ് ശ്രീശാന്തിനെതിരെ നോട്ടീസ് അയച്ചത് എന്ന് കെസിഎ കൂട്ടിച്ചേർക്കുകയുണ്ടായി. അല്ലാത്തപക്ഷം സഞ്ജുവിനെ പിന്തുണച്ചതിന്റെ പേരിൽ കെസിഎ ശ്രീശാന്തിന് നോട്ടീസ് അയച്ചിട്ടില്ല എന്നാണ് വ്യക്തമാക്കിയത്.

ഇത്തരത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന താരങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും കെസിഎ ആവർത്തിച്ചു. “സമീപകാലത്ത് ഇന്ത്യയുടെ വനിതാ ടീമിൽ സജനാ സജീവൻ, മിന്നുമണി, ആശാ ശോഭന തുടങ്ങിയ താരങ്ങളൊക്കെയും ഉൾപ്പെട്ടിരുന്നു. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ വിജെ ജോഷിത, മുഹമ്മദ് ഇനാൻ, നജ്ള എന്നീ താരങ്ങളും ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇതൊന്നും അറിയാതെയാണ് ശ്രീശാന്ത് അത്തരത്തിൽ ഒരു പ്രസ്താവന ഇറക്കിയത്. ഇപ്പോഴും ഒത്തുകളി ആരോപണത്തിന്റെ നിഴലിലുള്ള ശ്രീശാന്ത് കേരളത്തിലെ താരങ്ങളെ സംരക്ഷിക്കേണ്ടതില്ല.”- കെസിഎ പറഞ്ഞു.

സമീപകാലത്ത് വലിയ ചർച്ചയായ ഒന്നായിരുന്നു കെസിഎയുടെ സഞ്ജു സാംസണെതിരായ സമീപനം. മുൻപ് സഞ്ജുവിന്റെ പിതാവായ വിശ്വനാദ് സാംസണും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ മകനെ പല സമയത്തും കെസിഎ പിന്തുണച്ചിരുന്നില്ല എന്ന് വിശ്വനാദ് സാംസൺ തുറന്നു പറയുകയുണ്ടായി. പിന്നീടാണ് ശ്രീശാന്ത് ഇക്കാര്യത്തിൽ രംഗത്ത് വന്നത്. ഇത്തരത്തിൽ പല താരങ്ങൾക്കുമെതിരെ കെസിഎ വളരെ മോശം നിലപാടാണ് സ്വീകരിച്ചിരുന്നത് എന്ന് ശ്രീശാന്ത് വെട്ടി തുറന്ന് പറയുകയുണ്ടായി.