ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. യുവതാരം ദേവദത്ത് പടിക്കലിന് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ അവസരം നൽകും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മാർച്ച് 7 നടക്കുന്ന മത്സരത്തിൽ കെ എല്‍ രാഹുല്‍ കളിക്കില്ല. നിലവിൽ ലണ്ടനിൽ ചികിത്സയിലാണ് രാഹുൽ. ഈ സാഹചര്യത്തിൽ വലിയ അവസരം തന്നെയാണ് ദേവദത്തിന് ഒരുങ്ങിയിരിക്കുന്നത്.
മാത്രമല്ല നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മാറ്റിനിർത്തിയ പേസർ ജസ്പ്രീത് ബുംറയും ധരംശാലയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ആദ്യ 3 മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ബുമ്ര കാഴ്ച വെച്ചത്. ശേഷമാണ് ഇന്ത്യ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചത്.
ഇപ്പോൾ വിശ്രമത്തിന് ശേഷം ബൂമറ തിരിച്ചുവരുന്നത് ഇംഗ്ലീഷ് ബാറ്റർമാർക്ക് കൂടുതൽ ഭീഷണി ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല ബൂമ്ര തിരിച്ചു വരുന്നതോടെ ടീമിന്റെ വൈസ് ക്യാപ്റ്റനായും അണിനിരക്കും എന്നാണ് ബിസിസിഐ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മാത്രമല്ല ഇന്ത്യയുടെ സ്ക്വാഡിലെ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ നിലവിൽ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. ഉടൻതന്നെ വാഷിംഗ്ടൺ സുന്ദർ തമിഴ്നാട് ടീമിനൊപ്പം രഞ്ജി ട്രോഫി മത്സരത്തിൽ അണിനിരക്കും. മാർച്ച് രണ്ടിന് മുംബൈക്കെതിരെയാണ് തമിഴ്നാടിന്റെ രഞ്ജിട്രോഫി സെമി ഫൈനൽ മത്സരം ആരംഭിക്കുന്നത്.
രഞ്ജി ട്രോഫി സെമി ഫൈനൽ അവസാനിച്ചതിന് ശേഷമാവും വാഷിംഗ്ടൺ സുന്ദർ ഇന്ത്യയുടെ സ്ക്വാഡിലേക്ക് തിരികെ എത്തുക. ആവശ്യമുണ്ടെങ്കിൽ മാത്രമാണ് ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ അവസാന മത്സരത്തിനായി ഉൾപ്പെടുത്തുക. ഇത്രയും മാറ്റങ്ങളാണ് നിലവിൽ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും വളരെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിൽ നിന്ന് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ രജത് പട്ടിദാർ അടക്കമുള്ള താരങ്ങളെ അഞ്ചാം ടെസ്റ്റിനായി നിലനിർത്താനും ഇന്ത്യ തയ്യാറായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പരാജയപ്പെട്ട പട്ടിദാർ അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്.
എന്നാൽ മറ്റു യുവ താരങ്ങളായ ധ്രുവ് ജുറൽ, സർഫറാസ് ഖാൻ എന്നിവർ അഞ്ചാം ടെസ്റ്റിലുണ്ടാവും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. മാർച്ച് ഏഴിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ആരംഭിക്കുക.
India’s updated squad for the 5th Test: Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, Rajat Patidar, Sarfaraz Khan, Dhruv Jurel (WK), KS Bharat (WK), Devdutt Padikkal, R Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Mukesh Kumar, Akash Deep.