ഇഞ്ചുകളുടെ വിത്യാസത്തില്‍ ബംഗ്ലാദേശിന്‍റെ വിജയം നഷ്ടമായി. മത്സരം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂയോർക്കിൽ നടന്ന മത്സരം മറ്റൊരു ലോ സ്കോറിംഗ് ത്രില്ലർ ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കേവലം 113 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയുടെ ഒരു തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ 109 റൺസിന് ബംഗ്ലാദേശിന്റെ ഇന്നിങ്സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക 4 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ കേശവ് മഹാരാജാണ് മിന്നും പ്രകടനം കാഴ്ചവച്ചത്. ഇതോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8 ഉറപ്പിച്ചു

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂയോർക്കിലെ ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ആഫ്രിക്കയുടെ തീരുമാനം പിഴച്ചു. തുടക്കത്തിൽ തന്നെ ഹെൻറിക്സിന്റെയും(0) നായകൻ മാക്രത്തിന്റെയും(4) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

പിന്നാലെ സ്റ്റബ്സും(0) ഡികോക്കും(18) കൂടാരം കയറിയപ്പോൾ ദക്ഷിണാഫ്രിക്ക 23ന് 4 എന്ന നിലയിൽ പതറുകയായിരുന്നു. പിന്നീടാണ് ക്ലാസൻ ക്രീസിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ക്ലാസനും മില്ലറും ചേർന്ന് വളരെ സൂക്ഷ്മമായി ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോവുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ 79 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ മത്സരത്തിൽ മതിയായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ ഈ ബാറ്റർമാർക്ക് സാധിച്ചില്ല. ക്ലാസൻ 44 പന്തുകളിൽ 46 റൺസ് നേടിയപ്പോൾ, മില്ലർ 38 പന്തുകളിൽ 29 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര കടപുഴകി വീഴുകയായിരുന്നു.

മത്സരത്തിന്റെ നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. മറുവശത്ത് ബംഗ്ലാദേശിനായി തൻസീം ഹസൻ 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് വളരെ പതിയെയാണ് ആരംഭിച്ചത്. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.

ഇന്നിംഗ്സിലൂടനീളം കൃത്യമായ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്. അഞ്ചാം വിക്കറ്റിൽ ഹൃദോയും മുഹമ്മദുള്ളയും ചേർന്നാണ് ബംഗ്ലാദേശിനായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇതോടെ മത്സരം ബംഗ്ലാദേശിന്റെ കൈപ്പിടിയിലേക്ക് എത്തുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഹൃദോയ് മത്സരത്തിൽ 34 പന്തുകളിൽ 37 റൺസാണ് നേടിയത്.

മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 5 വിക്കറ്റുകൾ ശേഷിക്കെ 18 റൺസായിരുന്നു ബംഗ്ലാദേശിന് ആവശ്യം. മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ 7 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാൻ സാധിച്ചത്. ഇങ്ങനെ അവസാന ഓവറിൽ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 11 റൺസായി മാറുകയായിരുന്നു.

സ്പിന്നർ കേശവ് മഹാരാജായിരുന്നു അവസാന ഓവർ എറിഞ്ഞത്. മഹാരാജിന്റെ ആദ്യ 2 പന്തുകളിൽ 4 റൺസ് സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചു. എന്നാൽ അടുത്ത പന്തിൽ ബാറ്റർ ജേക്കർ അലിയെ(8) പുറത്താക്കി മഹാരാജ് വീര്യം കാട്ടി. മത്സരത്തിൽ 2 പന്തുകളിൽ 6 റൺസ് വിജയിക്കാൻ വേണ്ടപ്പോൾ, കേശവ് മഹാരാജ് മുഹമ്മദുള്ളയെ(20) പുറത്താക്കി ദക്ഷിണാഫ്രിക്കയെ വിജയത്തിനടുത്ത് എത്തിച്ചു.
സിക്സെന്നൊറപ്പിച്ച പന്ത് കൈപിടിയില്‍ ഒതുക്കിയ ഏയ്ഡന്‍ മാര്‍ക്രത്തിനാണ് ആ വിക്കറ്റിന്‍റെ ഫുള്‍ ക്രഡിറ്റ്.

മത്സരത്തിൽ 4 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

Previous articleദുബെയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കൂ. ഇന്ത്യയ്ക്ക് നിർദ്ദേശവുമായി അമ്പാട്ടി റായുഡു.
Next articleബംഗ്ലാദേശിനെ തോൽപിച്ച ഡെഡ്ബോൾ നിയമം. ബൗണ്ടറി നേടിയിട്ടും റൺസ് നൽകാതിരുന്നതിന്റെ കാരണം.