നായകൻ ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ മുംബൈയെ സൂര്യകുമാർ യാദവ് നയിക്കും. 2024 ഐപിഎല്ലിന്റെ അവസാന ഭാഗങ്ങളിൽ മുംബൈ ഇന്ത്യൻസ് സ്ലോ ഓവർ റേറ്റ് പുലർത്തിയതിന്റെ പേരിലായിരുന്നു ഹർദിക് പാണ്ഡ്യയ്ക്ക് പിഴ ലഭിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ ടീം സ്ലോ ഓവർ റേറ്റ് പുലർത്തിയതിന്റെ പേരിൽ ഒരു മത്സരത്തിൽ നിന്ന് പാണ്ഡ്യയ്ക്ക് മാറിനിൽക്കേണ്ടി വരും.
അതിനാൽ തന്നെയാണ് ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പാണ്ഡ്യയുടെ അഭാവം മുംബൈ നേരിടുന്നത്. മാത്രമല്ല സ്റ്റാർ പേസർ ബുമ്രയും ആദ്യ മത്സരത്തിൽ കളിക്കില്ല. ഇതു വലിയ തിരിച്ചടിയാണ് മുംബൈയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഐപിഎല്ലിന് മുൻപായി നടത്തിയ പത്രസമ്മേളനത്തിലാണ് ഹർദിക് പാണ്ഡ്യ സംസാരിച്ചത്. തന്റെ അഭാവത്തിൽ സൂര്യകുമാർ യാദവാവും മുംബൈ നായകനായി പ്രത്യക്ഷപ്പെടുക എന്നാണ് ഹർദിക് കൂട്ടിച്ചേർത്തത്. “ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ നയിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നതും സൂര്യകുമാർ യാദവ് തന്നെയായിരിക്കും.”- ഹർദിക് പാണ്ഡ്യ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. മാത്രമല്ല നിലവിലെ ടീമിന്റെ സാഹചര്യത്തെപ്പറ്റിയും പാണ്ഡ്യ സംസാരിച്ചു.
“സത്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. കാരണം 3 നായകന്മാരാണ് ഞങ്ങളുടെ ടീമിലാണ് അണിനിരക്കുന്നത്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ബൂമ്ര എന്നിവർ. അവരെല്ലായിപ്പോഴും എന്റെ തോളോട് ഒപ്പം നിന്ന് ടീമിനായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. എന്ത് ആവശ്യം വന്നാലും അവർ കൂടെ കാണും എന്നാണ് ഞാൻ കരുതുന്നത്.”- ഹർദിക് കൂട്ടിച്ചേർത്തു. എന്നിരുന്നാലും സ്റ്റാർ പേസർ ബുമ്രയുടെ ഫിറ്റ്നസിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ നിലവിൽ നിലനിൽക്കുകയാണ്. ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ബൂമ്ര. ഇക്കാര്യം ടീമിന്റെ പരിശീലകനായ ജയവർധനയാണ് തുറന്നു പറഞ്ഞത്.

“ഞങ്ങൾ ഇപ്പോൾ അവനായി കാത്തിരിക്കുകയാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇപ്പോഴും അവൻ അവിടെ തന്നെ തുടരുകയാണ്. മാത്രമല്ല അവൻ പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ അവൻ ടീമിനൊപ്പം ചേരുമെന്നാണ് ഞങ്ങൾ കരുതുന്നത്. അവൻ ടീമിനൊപ്പം ഇല്ലാത്തത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. എന്നിരുന്നാലും മറ്റൊരു താരത്തിന് അവന്റെ സ്ഥാനത്തേക്ക് എത്താനും മികവ് പുലർത്താനുമുള്ള ഒരു അവസരമായി ഞങ്ങൾ ഇതിനെ കാണുന്നു.”- ജയവർധന പറഞ്ഞു.