ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബുവേക്കെതിരെ വെടിക്കെട്ട് പ്രകടനമാണ് സൂര്യ കുമാർ യാദവ് ഇന്ന് പുറത്തെടുത്തത്. 25 പന്തുകളിൽ നിന്നും നാല് സിക്സറും ആറ് ഫോറുകളും അടക്കം 61 റൺസ് ആണ് താരം നേടിയത്. ആരാധകരെ അമ്പരപ്പിക്കുന്ന ഷോട്ടുകളിലൂടെയായിരുന്നു താരം സിംബാബുവെ ബൗളർമാരെ ഇന്ന് ആക്രമിച്ചത്.
ഒരു ഘട്ടത്തിൽ നാലിന് 101 എന്ന് നിലയിൽ പതുങ്ങിയ ഇന്ത്യയെ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ആയിരുന്നു സൂര്യകുമാർ യാദവ് ഇന്ന് താരം ആയത്. ഒരു ഇന്ത്യൻ താരം പോലും ഇന്നത്തെ മത്സരത്തിൽ 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാത്ത സാഹചര്യത്തിൽ 244 സ്ട്രൈക്ക് റേറ്റിലാണ് സൂര്യ കുമാർ യാദവ് റൺസ് അടിച്ചു കൂട്ടിയത്. താരത്തിന്റെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു വമ്പൻ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്.
ഈ കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ട്വൻ്റി-20യിൽ ഏറ്റവും 1000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വെറും 28 ഇന്നിങ്സുകളിൽ നിന്നുമാണ് താരത്തിന്റെ ഈ റെക്കോർഡ് നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതിയും സൂര്യ കുമാർ യാദവ് സ്വന്തമാക്കി. 186 സ്ട്രൈക്ക് റേറ്റും, 44.60 ശരാശരിയിലുമാണ് താരത്തിന്റെ ഈ റെക്കോർഡ് നേട്ടം.ഈ വർഷം 20-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സൂര്യ കുമാർ യാദവാണ്.
പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ ആണ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിങ്സുകളിൽ നിന്നും 924 റൺസ് ആണ് താരം നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയാണ്. 19 ഇന്നിങ്സുകളിൽ നിന്നും 731റൺസ് ആണ് താരം നേടിയിട്ടുള്ളത്.