ഇന്ത്യൻ മണ്ണിൽ സിക്സ് ഹിറ്റിങ്ങിൽ റെക്കോർഡ് തീർത്ത് ഹിറ്റ്മാൻ. മറികടന്നത് കിവി സൂപ്പർ താരത്തെ.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സിക്സ് ഹിറ്റിങ്ങിൽ തകർപ്പൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് രോഹിത് ശർമ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ബോളർമാരെ പഞ്ഞിക്കിട്ട രോഹിത് ശർമ സിക്സുകളുടെ കണക്കിൽ മുൻപിൽ എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു രാജ്യത്ത് ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡാണ് ഹിറ്റ്മാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിലിന്റെ റെക്കോർഡാണ് ഹിറ്റ്മാൻ മറികടന്നത്. മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിനെതിരെയാണ് രോഹിത് ശർമ ആദ്യ സിക്സർ നേടിയത്. ഇതോടെയാണ് രോഹിത് റെക്കോർഡ് സ്വന്തമാക്കിയത്.

ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ 257 സിക്സറുകളാണ് ന്യൂസിലാൻഡിന്റെ മണ്ണിൽ സ്വന്തമാക്കിയത്. ഇതാണ് രോഹിത് മറികടന്നത്. മത്സരത്തിൽ ആദ്യ സിക്സ് നേടിയതോടെ രോഹിത് ഇന്ത്യയിൽ 258 സിക്സറുകൾ സ്വന്തമാക്കി. പിന്നീട് മത്സരത്തിൽ വീണ്ടും തകർപ്പൻ സിക്സറുകൾ രോഹിത് ശർമ നേടുകയുണ്ടായി.

സ്റ്റാർക്കിനെയും ജോഷ് ഹേസൽവുഡിനെയും നിലം തൊടാതെ പറത്താൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. നായകൻ പാറ്റ് കമ്മിൻസ് എറിഞ്ഞ ഓവറിലും രോഹിത് രണ്ട് സിക്സറുകൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 550 സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും രോഹിത് തന്റെ പേരിൽ ചേർത്തു.

ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലുമായി 548 മത്സരങ്ങളിൽ നിന്ന് 550 സിക്സറുകൾ പൂർത്തീകരിച്ച ക്രിസ് ഗെയിലായിരുന്നു ഇതുവരെ ഈ ലിസ്റ്റിൽ ഒന്നാംസ്ഥാനത്ത്. എന്നാൽ കേവലം 471 ഇന്നിംഗ്സുകളിൽ നിന്ന് 550 സിക്സറുകൾ തികച്ച രോഹിത് ശർമ റെക്കോർഡിൽ മുൻപിലെത്തി. ട്വന്റി20 ക്രിക്കറ്റിൽ 182 സിക്സറുകളാണ് രോഹിത് ശർമ ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ 77 സിക്സറുകളും ഏകദിന മത്സരങ്ങളിൽ 296 സിക്സറുകളും സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി ആവശ്യമായുള്ളത് മൂന്ന് സിക്സുകൾ കൂടി മാത്രമാണ്. 483 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ക്രിസ് ഗെയിൽ 553 സിക്സറുകൾ സ്വന്തമാക്കിയത്. നിലവിൽ 451 മത്സരങ്ങളിൽ നിന്ന് 551 സിക്സറുകൾ സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.

അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി രോഹിത് ഈ റെക്കോർഡും സ്വന്തം പേരിൽ ചേർക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് തുടക്കമായിരുന്നു രോഹിത് ശർമയ്ക്ക് ലഭിച്ചത്. മത്സരത്തിൽ 31 പന്തുകളിൽ നിന്നാണ് രോഹിത് ശർമ്മ തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. 57 പന്തുകൾ മത്സരത്തിൽ നേരിട്ട രോഹിത് 81 റൺസ് സ്വന്തമാക്കി.