ഐപിഎൽ 2023ന് മുൻപ് പരിക്കേറ്റ തങ്ങളുടെ സൂപ്പർ ബോളർ കയ്ൽ ജാമിസണ് പകരക്കാരനെ നിശ്ചയിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളർ സീസാണ്ടാ മഗാലയാണ് 2023ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ ജാമിസന് പകരക്കാരനായി എത്തുന്നത്. 32 കാരനായ മഗാല 2021 ഏപ്രിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ശേഷം ദേശീയ ടീമിനായി 5 ഏകദിനങ്ങളും 4 ട്വന്റി20കളും മഗാല കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ 128 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മഗാല 136 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
മുൻപ് സൗത്താഫ്രിക്കൻ ട്വന്റി20 ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന്റെ താരമായിരുന്നു മഗാല. സീസണിൽ സൺറൈസേഴ്സിനെ കിരീടം ചൂടിക്കുന്നതിൽ പ്രധാന പങ്കും മഗാല വഹിക്കുകയുണ്ടായി. ടൂർണമെന്റിൽ 11 ഇന്നിംഗ്സുകളിൽ നിന്ന് 14 വിക്കറ്റുകൾ മഗാല നേടിയിരുന്നു. ഈ മികച്ച പ്രകടനത്തിനു ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ മഗാലയെ ടീമിൽ എത്തിച്ചിരിക്കുന്നത്. ചെന്നൈയിലെ പിച്ച് പൂർണമായും മഗാലയുടെ ബോളിങ്ങിന് സഹായകരമാവും എന്ന റിപ്പോർട്ട് മുൻപുതന്നെ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ചെന്നൈ മഗാലയെ സ്വന്തമാക്കിയിരിക്കുന്നത്.
“ദക്ഷിണാഫ്രിക്കയുടെ പേസർ സീസാണ്ടാ മഗാല കയ്ൽ ജാമിസണ് പകരം ചെന്നൈ സൂപ്പർ കിംഗ്സിനായി 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും. പരിക്കു മൂലം ജാമിസൻ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.”- ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ കുറിച്ചു. മുൻപ് 2023ലെ മിനി ലേലത്തിൽ ഒരുകോടി രൂപയ്ക്ക് ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ജാമീസണെ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ബാക് ഇഞ്ചുറി മൂലം ജാമിസണ് ടൂർണമെന്റിൽ നിന്നും മാറി നിൽക്കേണ്ടി വരികയായിരുന്നു.
എന്തായാലും പുതിയ താരത്തിന്റെ വരവോടുകൂടി വലിയ പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്സ് ടീം. മാർച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസിനെയാണ് നേരിടുന്നത്. മെയ് 28നാണ് ഐപിഎല്ലിന്റെ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.