ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ വമ്പൻ ഒന്നാം ഇന്നിങ്സ് സ്കോർ സ്വന്തമാക്കി ഇന്ത്യൻ ടീം. രണ്ടാം ദിനവും അതിവേഗം റൺസ് അടിച്ചെടുത്ത ഇന്ത്യൻ സംഘം 8 വിക്കെറ്റ് നഷ്ടത്തിൽ 574 റൺസിൽ ഡിക്ലയർ ചെയ്തു.രണ്ടാം ദിനം ജഡേജയുടെ സെഞ്ച്വറിയും അശ്വിന്റെ ഫിഫ്റ്റിയുമാണ് ഇന്ത്യൻ ടോട്ടൽ 500 കടത്തിയത്. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയിലേക്ക് എത്തിയ ജഡേജ പുറത്താകാതെ 175 റൺസ് നേടിയപ്പോൾ അപൂർവ്വമായ നേട്ടങ്ങൾക്കും താരം അവകാശിയായി.
ഒന്നാം ഇന്നിങ്സിൽ റിഷാബ് പന്ത് (96 റൺസ് ),അശ്വിൻ (61 റൺസ് ) ഷമി (20*) എന്നിവർ തിളങ്ങിയപ്പോൾ ജഡേജ 228 ബോളിൽ നിന്നും 17 ഫോറും 3 സിക്സ് അടക്കം 175 റൺസുമായി പുറത്താകാതെ നിന്നപ്പോൾ രോഹിത് ശർമ്മ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഏഴാം നമ്പറിൽ ഇന്ത്യൻ ടെസ്റ്റ് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന സ്കോറിന് അവകാശിയായ ജഡേജ റിഷാബ് പന്തിനും, അശ്വിനും ഷമിക്കും ഒപ്പം നൂറ് റൺസ് പാർട്ണർഷിപ്പിൽ പങ്കാളിയായി.തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേട്ടം പതിവ് പോലെ തന്റെ സ്പെഷ്യൽ സെലിബ്രേഷനോടെ തന്നെ മനോഹരമാക്കിയ ജഡേജ കയ്യടികൾ നേടി. പരിക്കിൽ നിന്നും മുക്തി നേടി ഈ ടെസ്റ്റ് പരമ്പരയോടെ ടീമിലേക്ക് തിരികെ എത്തിയ ജഡേജ തന്റെ ആൾറൗണ്ട് മികവ് തെളിയിക്കുന്ന പ്രകടനമാണ് മോഹാലിയിൽ കാഴ്ചവെച്ചത്
അതേസമയം തന്റെ പതിവ് രീതിയിലെ സെലിബ്രേഷൻ നടത്തിയ ജഡേജക്ക് രസകരമായ ഒരു ആക്ഷൻ മറുപടി നൽകിയ സിറാജ് ശ്രദ്ധേയനായി.രവി ജഡേജയുടെ സെലിബ്രേഷനാണ് ബൗണ്ടറി ലൈനിൽ നിന്നും സിറാജ് അനുകരിച്ചത്.