ഏഷ്യാകപ്പ് ഫൈനലിലെ ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ബോളിങ് പ്രകടനത്തിന് പിന്നാലെ മൈതാനത്തിന് പുറത്തും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം മുഹമ്മദ് സിറാജിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ലഭിച്ച സമ്മാനത്തുക, പ്രതികൂല സാഹചര്യത്തിലും മൈതാനം മത്സരത്തിനായി സജ്ജമാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നൽകിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. 5000 ഡോളർ തുകയാണ് മുഹമ്മദ് സിറാജിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരമായി ലഭിച്ചത്. ഇത് ഏകദേശം 4 ലക്ഷം ഇന്ത്യൻ രൂപ വരും. ഈ തുകയാണ് ഗ്രൗണ്ട് സ്റ്റാഫിന് സിറാജ് നൽകിയിരിക്കുന്നത്.
മത്സരത്തിന് ശേഷം സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. “കുറച്ചധികം കാലമായി വളരെ മികച്ച രീതിയിൽ ബോൾ ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്. മുൻപ് പന്ത് എഡ്ജുകളിൽ കൊള്ളില്ലായിരുന്നു. എന്നാൽ ഇന്ന് എല്ലാം ഉത്തമമായി നടന്നു മത്സരത്തിൽ എനിക്ക് നല്ല രീതിയിൽ സിംഗ് ലഭിച്ചിരുന്നു. ഇത്തരത്തിൽ സിംഗ് ലഭിക്കുന്നത് മൂലം കുറച്ച് ഫുൾ ബോളുകൾ എറിയാൻ ഞാൻ തീരുമാനിച്ചു. മാത്രമല്ല ടീമിലെ മറ്റു ഫാസ്റ്റ് ബോളർമാരുമായി നല്ല ഒരു ബോണ്ട് എനിക്കുണ്ട് ഇത് എന്റെ പ്രകടനത്തിൽ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. ഇതെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലാണ്. എനിക്ക് കിട്ടുന്ന ക്യാഷ് സമ്മാനം ഞാൻ ഇവിടത്തെ ഗ്രൗണ്ട് സ്റ്റാഫിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം അവരുടെ കഠിനപ്രയത്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ ടൂർണമെന്റ് പോലും നടക്കില്ലായിരുന്നു.”- സിറാജ് പറഞ്ഞു.
ഇത്തവണത്തെ ഏഷ്യാകപ്പിൽ ശ്രീലങ്കയിൽ നടന്ന മത്സരങ്ങളെല്ലാം വളരെ പ്രതികൂലമായ സാഹചര്യത്തിൽ ആയിരുന്നു. എല്ലാ മത്സരങ്ങളിലും മഴ നന്നായി ബാധിച്ചു. എന്നാൽ ഗ്രൗണ്ട് സ്റ്റാഫ് അതിനനുസരിച്ച് കഠിനാധ്വാനങ്ങളിൽ ഏർപ്പെടുകയുണ്ടായി. രാത്രിയും പകലും മഴ വരുന്ന സമയത്തൊക്കെയും ഗ്രൗണ്ട് കവർ ചെയ്യാനും പെട്ടെന്ന് തന്നെ വെള്ളം ഇല്ലാതാക്കാനും ഒരു ഗ്രൂപ്പായി ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫ് തയ്യാറായി. ഇതിന്റെ നന്ദി പ്രകടനമായിയാണ് മുഹമ്മദ് സിറാജ് തനിക്ക് ലഭിച്ച സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിനായി നൽകിയത്.
മുൻപ് ഗ്രൗണ്ട് സ്റ്റാഫുകൾക്കായി 42 ലക്ഷം രൂപ പാരിതോഷികം ബിസിസിഐ നൽകിയിരുന്നു. ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഈ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകൾക്ക് ഔദ്യോഗികമായി കൈമാറിയത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരു അത്യുഗ്രൻ ഏഷ്യാകപ്പ് ടൂർണമെന്റ് തന്നെയാണ് അവസാനിച്ചിരിക്കുന്നത്. എല്ലാംകൊണ്ടും ഒരുപാട് പോസിറ്റീവുകൾ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിൽ എടുത്തു കാട്ടാൻ സാധിക്കുന്നുണ്ട്. ഒപ്പം ഏകദിന ലോകകപ്പിലേക്ക് പോകുമ്പോൾ ടീമിന്റെ പ്രതീക്ഷകളെ വർധിപ്പിക്കാനും ഈ ടൂർണമെന്റിന് സാധിച്ചു.