“ഇതെനിക്ക് ഒരു സ്വപ്നമായി തോന്നുന്നു”. ലങ്കാദഹനം കഴിഞ്ഞ് സിറാജിന്റെ വാക്കുകൾ.

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് ഫൈനലിൽ ഒരു അത്ഭുതപ്പെടുത്തുന്ന ബോളിംഗ് പ്രകടനമാണ് മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. തന്റെ ആദ്യ ഓവർ മുതൽ കൃത്യമായി ബാറ്റർമാരെ കുഴപ്പിച്ച സിറാജ് അൽഭുതം കാട്ടുകയായിരുന്നു. തന്റെ രണ്ടാം ഓവറിൽ 4 വിക്കറ്റുകൾ നേടിയാണ് സിറാജ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലേക്ക് വന്നെത്തുകയായിരുന്നു. മത്സരത്തിൽ ശ്രീലങ്കൻ മുൻനിരയിലെ 6 വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. തന്റെ ഈ മികച്ച പ്രകടനത്തെ പറ്റി സിറാജ് ഇന്നിങ്സിന് ശേഷം സംസാരിക്കുകയുണ്ടായി.

ഈ പ്രകടനം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത് എന്നാണ് സിറാജ് പറഞ്ഞത്. തുടക്കം മുതൽ ബോൾ സ്വിങ് ചെയ്യിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും, പുതുതായി ഒന്നിനും ശ്രമിച്ചില്ലയെന്നും സിറാജ് കൂട്ടിച്ചേർത്തു. “ഇതെനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. മുൻപ് ശ്രീലങ്കയ്ക്കെതിരെ തിരുവനന്തപുരത്തും ഞാൻ ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

മത്സരത്തിൽ ആദ്യം തന്നെ നാല് വിക്കറ്റുകൾ എനിക്ക് ലഭിച്ചു. എന്നാൽ അഞ്ചാം വിക്കറ്റിനായി ഞാൻ കാത്തിരുന്നു. വിധിയനുസരിച്ച് എനിക്ക് അടുത്ത വിക്കറ്റ് ലഭിക്കുമെന്ന് ഞാൻ വിശ്വസിച്ചു. മത്സരത്തിൽ ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചില്ല. ഏകദിനങ്ങളിലും ട്വന്റി20കളിലും പരമാവധി ബോൾ സ്വിങ് ചെയ്യിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച രീതിയിൽ സ്വിങ് എനിക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് പന്ത് നന്നായി സ്വിങ് ചെയ്തിരുന്നു. മത്സരത്തിൽ എനിക്ക് കൂടുതൽ വിക്കറ്റുകളും ലഭിച്ചത് ഔട്ട്‌സ്വിങ്ങറിലൂടെയായിരുന്നു. എല്ലായിപ്പോഴും ബാറ്റർമാരെ ഡ്രൈവ് ചെയ്യിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്.”- സിറാജ് പറഞ്ഞു.

മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ നാലാം ഓവറിലായിരുന്നു സിറാജ് അത്ഭുതം കാട്ടിയത്. ശ്രീലങ്കൻ ഓപ്പണർ നിസ്സംഗ(2) സമരവിക്രമ(0) അസലങ്ക(0) ധനഞ്ചയ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് നാലാം ഓവറിൽ സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ഷനകയെയും(0) കൂടാരം കയറ്റി സിറാജ് 5 വിക്കറ്റ് നേട്ടം പൂർത്തീകരിച്ചു. ശേഷവും മികച്ച ബോളിംഗ് പ്രകടനം തന്നെ സിറാജിന് കാഴ്ചവയ്ക്കാൻ സാധിച്ചു. മത്സരത്തിൽ 7 ഓവറുകൾ പന്തറിഞ്ഞ സിറാജ് 21 റൺസ് മാത്രം വിട്ടുനൽകി 6 ശ്രീലങ്കൻ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

എന്തായാലും ഇന്ത്യയുടെ ബോളിംഗ് പ്രകടനം ആരാധകർക്കടക്കം വലിയ ആശ്വാസം നൽകുന്നതാണ്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയം ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു. അതിനുശേഷം വലിയൊരു തിരിച്ചുവരവ് ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. ഈ സമയത്താണ് തകർപ്പൻ പ്രകടനങ്ങളുമാ mയി സിറാജും ഹർദിക് പാണ്ട്യയും ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കേവലം 50 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.