അവിസ്മരണീയ യാത്ര ഇവിടെ കഴിയുന്നു. ബാംഗ്ലൂർ ടീമിലെ പ്രയാണം അവസാനിപ്പിച്ച സിറാജിന്റെ വാക്കുകൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ പല പ്രധാന താരങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളിൽ നിന്ന് മറ്റൊരു ടീമിലേക്ക് ചേക്കേറേണ്ടി വന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ക്രിക്കറ്ററാണ് മുൻ ബാംഗ്ലൂർ താരമായ മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണുകളിൽ ബാംഗ്ലൂരിനായി തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു സിറാജ് കാഴ്ച വെച്ചിട്ടുള്ളത്.

കഴിഞ്ഞ 7 വർഷങ്ങളിൽ ബാംഗ്ലൂർ ബോളിംഗ് നിരയുടെ ഭാഗമായിരുന്ന സിറാജിന് ഈ ലേലത്തോടെ ഗുജറാത്ത് ടൈറ്റൻസ് ടീമിലേക്ക് ചേക്കേറേണ്ടി വന്നു. ലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് ഗുജറാത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മുഹമ്മദ് സിറാജിനെ സ്വന്തമാക്കിയത്. ഇതിന് ശേഷം തന്റെ പഴയ ഫ്രാഞ്ചൈസിയായ ബാംഗ്ലൂരുമായുള്ള വൈകാരികപരമായ ബന്ധം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്.

കഴിഞ്ഞ 7 വർഷങ്ങൾ ബാംഗ്ലൂർ ടീമിനായി കളിച്ച ഇത്തരമൊരു കൂടുമാറ്റം ഹൃദയഭേദകമാണ് എന്ന് സിറാജ് പറയുകയുണ്ടായി. “ബാംഗ്ലൂരിനൊപ്പമുള്ള കഴിഞ്ഞ 7 വർഷത്തെ യാത്ര ഞാൻ ഹൃദയത്തോട് അത്രയും ചേർത്തു വെച്ചിട്ടുള്ളതാണ്. ആദ്യ സീസണിൽ ആ ചുവന്ന ജേഴ്സിയിൽ ബോളെറിയാനായി ഞാൻ തയ്യാറെടുക്കുമ്പോൾ അതൊരു അവിസ്മരണീയമായ യാത്രയുടെ തുടക്കമായിരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്റെ ഉയർച്ച താഴ്ചകളിൽ എപ്പോഴും ഒരു കുടുംബത്തെ പോലെ ബാംഗ്ലൂർ ടീം ഉണ്ടായിരുന്നു. എല്ലാ ബാംഗ്ലൂർ ടീം അംഗങ്ങൾക്കും ഞാൻ നന്ദി പറയുകയാണ്.”- മുഹമ്മദ് സിറാജ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുന്നു.

“ടീമിൽ കളിക്കുന്ന പല സമയത്തും എനിക്ക് അവസരത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നു. അതൊക്കെയും ഓർത്തു ഞാൻ സ്വയം നിരാശനായിട്ടുമുണ്ട്. ആ സമയത്തൊക്കെയും എന്റെ കൂടെ നിന്നത് ബാംഗ്ലൂർ ആരാധകരായിരുന്നു എനിക്ക് ഏറ്റവും വലിയ ശക്തിയായി മാറിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ആരാധകരെക്കാൾ മികച്ച മറ്റൊരു ആരാധകസംഘം ഉണ്ടെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല.”- മുഹമ്മദ് സിറാജ് കൂട്ടിച്ചേർക്കുകയുണ്ടായി. അതേസമയം സിറാജിന്റെ കഴിഞ്ഞ വർഷങ്ങളിലെ സേവനത്തിന് വലിയ നന്ദി പറഞ്ഞുകൊണ്ട് ബാംഗ്ലൂർ ടീമും രംഗത്തെത്തിയിരുന്നു.

“താങ്കളുടെ മികച്ച സേവനങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ട് ഡിഎസ്പി സിറാജ്” എന്ന് പറഞ്ഞു കൊണ്ടാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പ്രതികരിച്ചത്. പോസ്റ്റിൽ സിറാജിന്റെ വ്യത്യസ്തമായ 7 ഫോട്ടോകളും ആർസിബി ഉൾപ്പെടുത്തിയിരുന്നു. ബാംഗ്ലൂർ ടീമിനായി ഐപിഎല്ലിൽ 87 മത്സരങ്ങളാണ് സിറാജ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 83 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്

Previous articleരോഹിത് ഓപ്പണർ, രാഹുൽ മൂന്നാം നമ്പറിൽ. രണ്ടാം ടെസ്റ്റിൽ ഇന്ത്യന്‍ ലൈനപ്പ് നിർദ്ദേശിച്ച് പൂജാര.